malappuram local

കുടയും ഓട്ടോറിക്ഷയും കപ്പും സോസറും; സ്വതന്ത്രര്‍ക്ക് തകര്‍പ്പന്‍ ചിഹ്നങ്ങള്‍

മലപ്പുറം: ജില്ലയില്‍ തീപ്പാറും പോരാട്ടത്തിന് കളമൊരുക്കിയ സ്വതന്ത്രര്‍ക്ക് തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായി. മുന്നണി സ്ഥാനാര്‍ഥികള്‍ ചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണത്തില്‍ മുന്നേറിയപ്പോള്‍ ചിഹ്നങ്ങളുടെ അഭാവം പ്രചാരണത്തെയും വോട്ടുപിടിത്തത്തെയും സാരമായി ബാധിച്ചിരുന്നു.
ജില്ലയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് ഈ പൊല്ലാപ്പില്‍ കുടുങ്ങിയിരുന്നത്. മുന്നണി സ്ഥാനാര്‍ഥികളും എസ്ഡിപിഐ-എസ്പി, വെല്‍ഫെയര്‍പ്പാര്‍ട്ടി മറ്റു ദേശീയ പാര്‍ട്ടി സ്ഥാനാര്‍ഥികളും ചിഹ്നങ്ങളുമായി പ്രചാരണത്തിന് ആരവം തീര്‍ത്തപ്പോള്‍ മല്‍സച്ചൂട് നല്‍കുന്ന ജില്ലയിലെ പ്രമുഖ സ്വതന്ത്ര സ്ഥാനാര്‍ഥികളും ചെറികിട പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും ചിഹ്നം ലഭിക്കാത്ത നിരാശയിലായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ചിഹ്നങ്ങള്‍ അനുവദിച്ച് നല്‍കിയതോടെ ഈ നിരാശയ്ക്ക് പരിഹാരമായി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളിലൂടെ ശ്രദ്ധിക്കപ്പെട്ട നിലമ്പൂര്‍, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, തവനൂര്‍, കൊണ്ടോട്ടി, ഏറനാട് മണ്ഡലങ്ങളിലെ സ്വതന്ത്രരുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളിലായിരുന്നു പ്രധാന ചര്‍ച്ച. നിലമ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് ഓട്ടോറിക്ഷയാണ് ചിഹ്നം ലഭിച്ചത്. തൊട്ടടുത്ത മണ്ഡലമായ ഏറനാട്ടിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ ടി അബ്ദുര്‍റഹ്മാനും ഓട്ടോറിക്ഷ തന്നെ ചിഹ്നം ലഭിച്ചു. തവനൂരില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ ടി ജലീലും കൊണ്ടോട്ടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി ബീരാന്‍കുട്ടിയും ഓട്ടോറിക്ഷ ചിഹ്നത്തില്‍ ജനവിധി തേടും. തിരൂര്‍ നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസിനും താനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാനും തിരഞ്ഞെടുപ്പ് ചിഹ്നം കപ്പും സോസറും അനുവദിച്ചുകിട്ടി. തിരൂരങ്ങാടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന് കുടയാണ് ചിഹ്നമായി ലഭിച്ചത്. അതേസമയം, ചിഹ്നങ്ങള്‍ അനുവദിച്ചതില്‍ ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പിഴവ് പറ്റിയതായും പരാതി ഉര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it