wayanad local

കുഞ്ഞോം ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍



മാനന്തവാടി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള തൊണ്ടര്‍നാട് കുഞ്ഞോത്തെ ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ കുട്ടികള്‍ കഴിയുന്നതു ജീവന്‍ പണയംവച്ച്. 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴാന്‍ തുടങ്ങിയിട്ടും നവീകരിക്കാന്‍ നടപടിയില്ല. നേരത്തെ 75 കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍, കെട്ടിടം അപകടാവസ്ഥയിലായതോടെ 47 കുട്ടികളെ മാത്രമാണ് താമസിപ്പിക്കുന്നത്. ജില്ലയിലെ തന്നെ പട്ടികവര്‍ഗ ഹോസ്റ്റലുകളില്‍ ഏറ്റവും പഴക്കമേറിയ ഹോസ്റ്റലുകളിലൊന്നാണ് കുഞ്ഞോത്ത് പ്രവര്‍ത്തിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നു നിലയില്‍ പണിത കെട്ടിടം ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. 10 വര്‍ഷം മുമ്പ് ചോര്‍ച്ച വര്‍ധിച്ചതോടെ മൂന്നാം നിലയ്ക്കു മുകളിലായി സിമന്റ് ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര നിര്‍മിച്ചിരുന്നു. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതും തകര്‍ന്നു. ഇതോടെ നേരത്തെ മൂന്നു നിലകളിലായി 75 പേരെ താമസിപ്പിച്ചു വന്ന ഹോസ്റ്റലില്‍ കുട്ടികളുടെ എണ്ണം കുറച്ചു. ഇപ്പോള്‍ 47 കുട്ടികളും ആറു ജീവനക്കാരുമാണ് ജീവന്‍ പണയംവച്ച് ഹോസ്റ്റല്‍ കെട്ടിടത്തില്‍ കഴിയുന്നത്. കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിവീഴാന്‍ തുടങ്ങിയതോടെ കുട്ടികളെ താമസിപ്പിക്കാതെ മൂന്നാംനില അടച്ചുപൂട്ടി. വെള്ളം ചുമരുകളിലൂടെ ഒലിച്ചിറങ്ങി ഒന്നാം നിലയിലെയും രണ്ടാം നിലയിലെയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.പല ഭാഗങ്ങളിലും കോണ്‍ക്രീറ്റിനായി ഉപയോഗിച്ച കമ്പികള്‍ തുരുമ്പെടുത്തത് പുറത്തു കാണുന്ന വിധമാണുള്ളത്. കെട്ടിടത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് നിരവധി തവണ റിപോര്‍ട്ടുകള്‍ നല്‍കിയിട്ടും പരിഹാരമുണ്ടവുന്നില്ലെന്നാണ് പരാതി. കര്‍ണാടകയിലെ അടക്കം ആദിവാസി വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. നാലാംതരം മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം. ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ കോളനികളില്‍ നിന്നു സ്‌കൂളിലെത്താത്തതിന്് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ഹോസ്റ്റല്‍ സംവിധാനത്തിലേക്ക് കഴിഞ്ഞ വര്‍ഷം കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ പ്രമോട്ടര്‍മാര്‍ തയ്യാറായെങ്കിലും ഹോസ്റ്റലില്‍ സൗകര്യമില്ലാത്തിനാല്‍ മുടങ്ങി. കെട്ടിടത്തിനോട് ചേര്‍ന്ന് സ്വന്തമായി പട്ടികവര്‍ഗ വകുപ്പിന് പത്തേക്കറോളം സ്ഥലമുണ്ടെങ്കിലും പുതിയ കെട്ടിടം നിര്‍മിക്കാനോ നിലവിലെ കെട്ടിടത്തിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനോ തയ്യറാവത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
Next Story

RELATED STORIES

Share it