Middlepiece

കുഞ്ഞൂഞ്ഞിന്റെ സരിതകേരളം

പുഷ്പന്‍

'ചെയ്യരുതാത്തതു ചെയ്തവളെങ്കിലും ഈയെന്നെത്തള്ളല്ലേ തമ്പുരാനേ' എന്ന മഗ്ദലനയുടെ യാചന കേട്ട് യേശുക്രിസ്തു  മറിയത്തിനു മാപ്പുനല്‍കിയെങ്കിലും മറിയം റഷീദയ്ക്കും സരിതയ്ക്കും ഇപ്പോഴും കുഞ്ഞൂഞ്ഞ് മാപ്പുനല്‍കിയില്ല, സരിതവിലാസം ഒരു മെഗാ സീരിയലായി ഓടുമ്പോള്‍ പുഷ്പന്‍ പഴയ വള്ളത്തോള്‍ കവിത ഓര്‍ത്തുപോയി. യേശുവിനെപ്പോലെ അല്ല കുഞ്ഞൂഞ്ഞ.് മറിയം യേശുവിനോട് മാപ്പ് മാത്രമേ ചോദിച്ചുള്ളൂ. സരിതയുടെ ആവശ്യം കുഞ്ഞൂഞ്ഞിനെ കുരിശിലേറ്റലാണ്.
എത്ര മഹാന്‍മാരാണ് സരിത വായതുറക്കുന്നത് പേടിച്ചുകഴിയുന്നത്. നോക്കുകൂലി കൊടുക്കാന്‍പോലും ശക്തിയില്ലാത്തവര്‍ വരെ സരിതയുടെ കത്തിലുണ്ട് എന്നു പറയുമ്പോള്‍, ഇതാണ് വള്ളത്തോള്‍ പറഞ്ഞത് ഹന്ത സ്ത്രീ സൗന്ദര്യമേ എന്ന്. മഗ്ദലന മറിയം കല്യാണാലോചന വച്ചപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. ഒരു വേലക്കാരന്റെ ഒഴിവുണ്ട് എന്ന് പറഞ്ഞപ്പോള്‍ അപേക്ഷകരുടെ ക്യൂ ഗോഗുല്‍ത മലമുകളിലേക്കു വരെ നീണ്ടു എന്നാണ് വള്ളത്തോള്‍ പാടിയത്. സ്വന്തം ഭാര്യക്ക് 10 രൂപയ്ക്ക് റീചാര്‍ജ് ചെയ്തുകൊടുക്കാത്തവന്‍ ഇത്തരക്കാരെ മണിക്കൂറുകള്‍ വിളിക്കും.
സരിത തെളിവുണ്ട്, തെളിവുണ്ട് എന്ന് വിളിച്ചുപറഞ്ഞിട്ടും കുഞ്ഞൂഞ്ഞ് കേട്ടഭാവം നടിക്കുന്നില്ല.
പോലിസിനു വേണ്ട തെളിവ് അതല്ല. നാറാത്തെ പോലെ ഇഷ്ടികയാണു വേണ്ടത്. സരിത മൊബൈല്‍ റിക്കാഡ് ചെയ്താല്‍ കുഞ്ഞൂഞ്ഞിന് തെളിവല്ല. സൈലന്റ് മൊബൈല്‍ വേണം. നാറാത്ത് യുഎപിഎ ചുമത്താന്‍ കിട്ടിയ തെളിവ് അതാണ്.
സരിത കേരള നിയമം പഠിക്കണം. ബോംബുകൊണ്ട് പാര്‍ട്ടിയുടെ പേരെഴുതിയാലോ പരസ്യമായി തല്ലിക്കൊന്നാലോ കാടന്‍നിയമം ഇല്ല. പഴയ ഇഷ്ടികകള്‍, സൈലന്റ് മൊബൈല്‍, പിന്നെ സാക്ഷിപറയാന്‍ മൂന്ന് കര്‍സേവകര്‍- ഇതൊക്കെ സംഘടിപ്പിക്കൂ, എന്നിട്ട് കുഞ്ഞൂഞ്ഞിനെതിരേ വരൂ. യുഎപിഎ വരെ ചാര്‍ത്താം.
മോണിക്ക ലെവിന്‍സ്‌കിയെ ഒന്നു ഫോണ്‍ ചെയ്തിരുന്നെങ്കില്‍ സരിതയ്ക്ക് കാര്യം എത്ര എളുപ്പമാവുമായിരുന്നു. അവള്‍ കണ്ടില്ലേ, അന്നു ധരിച്ച കുപ്പായമാണ് തെളിവായി കൊടുത്തത്. എത്ര വര്‍ഷമാണ് അവള്‍ അതു കഴുകാതെ കൊണ്ടുനടന്നത്. ഇങ്ങനെ വേണം പെണ്ണുങ്ങള്‍.
ശത്രുവിനെ ഒതുക്കാന്‍ എന്നും സ്ത്രീ തന്നെ മികച്ച ആയുധം. അമേരിക്ക ഹിരോഷിമയില്‍ ഇട്ട അണുബോബിനെക്കാളും ശക്തിയുണ്ടതിന്.
പണ്ട് പുരാണങ്ങളില്‍ തന്റെ കസേരയ്ക്ക് ഭീഷണിയായി വല്ല മഹര്‍ഷിമാരും തപസ്സ് ചെയ്യാന്‍ തുടങ്ങിയാല്‍ ഉടന്‍ തന്നെ ദേവന്‍മാരുടെ രാജാവ് ഇന്ദ്രന്‍ നല്ല ഒന്നാംനമ്പര്‍ താരത്തെ ഭൂമിയില്‍ അയക്കും. അവര്‍ തപസ്സും മുടക്കി ഒരു പ്രസവവും കഴിഞ്ഞു മടങ്ങിപ്പോവും. ചിലരാവട്ടെ തപശക്തിയില്‍ ഭസ്മമാവാറുണ്ട്. ലോകത്തെ ആദ്യത്തെ വനിതാ ചാവേറുകള്‍ നമ്മുടെ പുരാണത്തിലെ മേനക തിലോത്തമമാരാണ്.
അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസ്സിനെക്കുറിച്ച് ശരിക്ക് പഠിക്കാത്ത കുഴപ്പമാണ് എല്ലാം വിനയായത്. എല്ലാ പാര്‍ട്ടികളും അവരുടെ പാര്‍ട്ടിയിലേക്കാണ് ആള്‍ക്കാരെ കൂട്ടാറുള്ളത്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിലാണ് എന്നു മാത്രം, പണ്ട് അത് ഇന്‍ഡിക്കേറ്റ്, സിന്‍ഡിക്കേറ്റ് എന്നായിരുന്നു. ഇപ്പോള്‍ ഐ, എ, ഒ എന്നൊക്കെയുള്ള വ്യത്യാസം മാത്രമേയുള്ളൂ. ഒരു കോണ്‍ഗ്രസ്സുകാരന്റെ ഏറ്റവും വലിയ ശത്രു കോണ്‍ഗ്രസ്സുകാരന്‍ തന്നെയാണ്. കോണ്‍ഗ്രസ്സുകാര്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അത് മറ്റൊരു കോണ്‍ഗ്രസ്സുകാരനെയായിരിക്കും. പൊതുവെ മറ്റു പാര്‍ട്ടിക്കാരെ നേരിടുന്നതിലും ഉഷാറാണ് എതിര്‍ഗ്രൂപ്പുകാരനെ അടിച്ചൊതുക്കാന്‍.
ഏതായാലും കുഞ്ഞൂഞ്ഞിനെ സമ്മതിക്കണം. സരിത പറയുന്നതു കേട്ട് രാജിവച്ചാല്‍ ഇനിയും ഒരുപാട് സരിതമാര്‍ വരും. രാജിവയ്ക്കാനേ സമയം കാണുകയുള്ളൂ. പണ്ട് ഒന്നു കാറില്‍ കയറ്റിയാല്‍ രാജിവയ്ക്കണം. ഇന്ന് രംഗം വീഡിയോ ആക്കി തെളിവുനല്‍കിയാലും രാജിവയ്ക്കില്ല. കുഞ്ഞാപ്പയ്ക്കും ജോസഫിനും അന്ന് ഈ ബുദ്ധി തോന്നിയിരുന്നെങ്കില്‍.
ആവൂ, അങ്ങനെ കുമ്മനം രാജശേഖരന്‍ പാണക്കാട് തങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു. എന്തേ ഇത്ര വൈകിപ്പോയെന്നേ പുഷ്പനെപ്പോലെയുള്ളവര്‍ക്ക് തോന്നിയുള്ളൂ. എല്ലാ സംഘപരിവാര നേതാക്കളും മുടങ്ങാതെ ലീഗ് നേതാക്കള്‍ക്ക് ഇങ്ങനെ അവാര്‍ഡ് നല്‍കാറുണ്ട്. ലീഗിന് അത് നൊബേല്‍ പ്രൈസിനേക്കാളും വിലയാണ്. ശ്രീധരന്‍പിള്ളയും ഇതുപോലെ ഒരെണ്ണം മുമ്പത്തെ തങ്ങള്‍ക്ക് നല്‍കിയിരുന്നു. സംഘപരിവാര സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു പറഞ്ഞ ലീഗ് നേതാവ് സിഎച്ച് മാത്രമാണ്. മൂപ്പര്‍ക്ക് അവരെ അത്ര വിശ്വാസം പോര. ശത്രുക്കള്‍ നല്ലതുപറയുമ്പോള്‍ എവിടെയോ തകരാറുണ്ടെന്നാണ് സിഎച്ച് പറയാറ്. മനോരമ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഇഎംഎസിനും വല്ലാത്ത അസ്വസ്ഥതയാണ്. പാര്‍ട്ടിക്ക് എവിടെയോ തെറ്റുപറ്റിയോ?
ശ്രീ ശ്രീ രവിശങ്കറിന് പത്മഭൂഷന്‍ കൊടുത്തത് നന്നായി. പത്മശ്രീയാണെങ്കില്‍ പിന്നെയും പത്മശ്രീ ശ്രീ ശ്രീ എന്ന് പറഞ്ഞു വായനക്കാര്‍ കുടുങ്ങിപ്പോയേനെ. വര്‍ഗീയത അളക്കുന്ന ഒരു യന്ത്രം സഖാവ് പിണറായി വികസിപ്പിച്ചെടുത്തിരിക്കുന്നു. 23 കൊല്ലം ഐഎന്‍എല്ലിനെ അതിലിട്ടുനോക്കിയപ്പോള്‍ വര്‍ഗീയത തെല്ലും കുറയുന്നില്ല, ലീഗ് തങ്ങള്‍മാര്‍ മാത്രം പ്രസിഡന്റ് ആവുന്ന പാര്‍ട്ടിയാണ്. പക്ഷേ, വര്‍ഗീയതയില്ല. പേരില്‍ മാത്രമേയുള്ളു.
വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ആശയത്തില്‍ വര്‍ഗീയതയുണ്ടെങ്കിലും പ്രവൃത്തിയില്‍ ഇല്ല. എല്ലാമുള്ളത് എസ്ഡിപിഐക്ക് മാത്രം. ആ യന്ത്രത്തിന്റെ രഹസ്യം അറിയാത്തകാലത്തോളം സഖാവ് പറയുന്നതു മാത്രമേ വിശ്വസിക്കാന്‍ തരമുള്ളൂ.                ി
Next Story

RELATED STORIES

Share it