Flash News

കുഞ്ഞുങ്ങളുടെ ശ്മശാനമായി സിറിയ

കുഞ്ഞുങ്ങളുടെ ശ്മശാനമായി സിറിയ
X
ദമസ്‌കസ്: സിറിയന്‍ സര്‍ക്കാര്‍ ഉപരോധത്തിലുള്ള വിമത നിയന്ത്രിത കിഴക്കന്‍ ഗൂത്തയില്‍ റഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ രണ്ടാം ദിവസവും സൈന്യം ലംഘിച്ചു. വിമത കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ കരയാക്രമണമാണ് നടത്തുന്നത്.
ആക്രമണത്തിന് ക്ലോറിന്‍ ഗ്യാസും ഉപയോഗിക്കുന്നുണ്ട്. ശ്വാസം മുട്ടിയാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.



ക്ലോറിന്‍ ഗ്യാസ് ശ്വസിച്ചതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെയാണ് താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുളളത്. ഏതു നിമിഷവും മരിക്കാന്‍ തയ്യാറായി കാത്തിരിക്കുകയാണു ഗൂത്തയിലെ ജനങ്ങള്‍. തങ്ങള്‍ മരിക്കാനുള്ള ഊഴം കാത്തിരിക്കുകയാണ്. ഇതു മാത്രമേ എനിക്കു പറയാനുള്ളൂ, എന്നായിരുന്നു ബിലാല്‍ അബൂസലാഹ് എന്ന 22കാരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മിനിറ്റില്‍ 10ഉം 20ഉം വ്യോമാക്രമണങ്ങളാണ് സൈന്യം നടത്തുന്നത്.  തങ്ങള്‍ക്ക് ഇവിടെ ഭക്ഷണം, മരുന്ന്, തമാസസൗകര്യം ഒന്നുമില്ല. സായുധര്‍ക്കെതിരേ എന്ന വ്യാജേന വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സ്‌കൂള്‍, പള്ളികള്‍ വിപണനകേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ജനവാസ മേഖലകളിലും സൈന്യം ആക്രമണം നടത്തുന്നുണ്ട്്. അന്താരാഷ്ട്ര സമൂഹം എവിടെ, യുഎന്‍ രക്ഷാസമിതി എവിടെ. എല്ലാവരും തങ്ങളെ ൈകയൊഴിഞ്ഞിരിക്കുകയാണെന്നും അബൂസലാഹ് കൂട്ടിച്ചേര്‍ത്തു. ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരത്തോളമായി. 1400ലധികം പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ അധികവും കുട്ടികളാണ്. മരുന്നുക്ഷാമം കാരണം കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രികളില്‍ അതിനാവശ്യമായ ഡോക്ടര്‍മാരോ, മരുന്നുകളോ, മെഡിക്കല്‍ ഉപകരണങ്ങളോ ഇല്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
11 ദിവസത്തോളമായി സിറിയന്‍ സൈന്യം ശക്തമായ വ്യോമാക്രമണം തുടരുന്ന കിഴക്കന്‍ ഗൂത്തയില്‍ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്കു രണ്ടുവരെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, തുടര്‍ച്ചയായി രണ്ടാം ദിവസവും ഭാഗിക വെടിനിര്‍ത്തല്‍ പരാജയപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തില്‍ നാലു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച അതിരാവിലെ സിറിയന്‍ സൈന്യം നിരവധി തവണ വ്യോമാക്രമണം നടത്തിയതായി പ്രദേശവാസികള്‍ അറിയിച്ചു. ദൗമ, മിസ്രബ, ഹറസ്ത നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തിരുന്നു.
അതിനിടെ, സിറിയന്‍ സൈന്യം ഐഎസ്് സായുധ സംഘടനയില്‍ നിന്ന് മോചിപ്പിച്ച കിഴക്കന്‍ പ്രവിശ്യയായ ദയര്‍ അല്‍ സൂറില്‍ നിന്ന് ഇസ്രായേല്‍ നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്.  ഇതിന്റെ വീഡിയോ ദൃശ്യം സിറിയന്‍ സൈനികവൃത്തങ്ങള്‍ പുറത്തുവിട്ടു. ബുകാമല്‍, മയാദിന്‍ എന്നീ നഗരങ്ങളില്‍ പൂഴ്ത്തിവച്ച നിലയില്‍ റോക്കറ്റ്, ചെറുപീരങ്കി, ടാങ്ക് ഷെല്‍, മറ്റ് യുദ്ധോപകരണങ്ങള്‍ കണ്ടെത്തി. അടുത്തിടെയാണ് ദയര്‍ അല്‍ സൂര്‍ പ്രവിശ്യ ഐഎസില്‍ നിന്ന് സൈന്യം മോചിപ്പിച്ചത്. യുദ്ധോപകരണങ്ങളും ഷെല്ലുകളും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നയിടവും സിറിയന്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്.   ജനുവരിയില്‍ ഇസ്രായേല്‍ നിര്‍മിതമായ കുഴിബോംബുകളും വിഷ വസ്തുക്കളും യുദ്ധോപകരണങ്ങളും കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it