കുഞ്ഞിന്റെ കരള്‍മാറ്റ ശസ്ത്രക്രിയ: സര്‍ക്കാര്‍ രണ്ടു ലക്ഷം കൂടി അനുവദിച്ചു

കൊച്ചി: ദമ്പതികള്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതിനാല്‍ ചികില്‍സ നിഷേധിച്ച ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കു വേണ്ടി രണ്ടുലക്ഷം രൂപ കൂടി അനുവദിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ അനുവദിച്ച മൂന്നുലക്ഷത്തിനു പുറമെയാണു കാരുണ്യ പദ്ധതിയില്‍ പെടുത്തി രണ്ടുലക്ഷം കൂടി അനുവദിച്ചതെന്ന് എഡിജിപി കോടതിയെ അറിയിച്ചു. ഇതിനിടെ വേര്‍പിരിഞ്ഞ ദമ്പതികള്‍ ഒരുമിച്ചു കുഞ്ഞിനോടൊപ്പം താമസമാക്കിയതായും ചികില്‍സ തുടരുന്നതായും ഹരജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നു കുട്ടിയുടെ ചികില്‍സ തുടരാനും കരള്‍ ദാതാവിനെ എത്രയും വേഗം കണ്ടെത്താനുള്ള നടപടി ആശുപത്രി അധികൃതരോടു സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കൂടാതെ കുട്ടിയുടെ ചികില്‍സാര്‍ഥമുണ്ടാക്കിയ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹരജി വീണ്ടും 25നു പരിഗണിക്കും. തന്നോടുള്ള വഴക്കു കാരണം ഭാര്യയും ഭാര്യാ പിതാവും കുഞ്ഞിനെ ശസ്ത്രക്രിയക്കു ഹാജരാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചൊവ്വര സ്വദേശി ബഷീര്‍ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്.
രോഗം മൂര്‍ച്ഛിച്ച് ജീവന്‍ പോലും അപകടാവസ്ഥയിലായ കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം കിംഗ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും അടിയന്തര നടപടികള്‍ തുടരാനും കേസ് പരിഗണിച്ച കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it