Flash News

കുഞ്ഞിനെ മുലയൂട്ടിയ അമ്മയടക്കംകാര്‍ നീക്കം ചെയ്തതിനെതിരേ നടപടി



മുംബൈ: ഏഴു മാസം പ്രായമായ കുഞ്ഞിനെ കാറിലിരുന്ന് അമ്മ മുലയൂട്ടവെ, കാര്‍ ട്രാഫിക് പോലിസ് കെട്ടിവലിച്ചു കൊണ്ടുപോയി. മുംബൈ മാലാഡിലെ എസ്‌വി റോഡില്‍ കഴിഞ്ഞ ദിവസമാണു സംഭവം. ട്രാഫിക് നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്‌തെന്ന് ആരോപിച്ചാണു കാര്‍ കെട്ടിവലിച്ചു കൊണ്ടുപോയത്. പോലിസ് നടപടിയുടെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. വാഹനം കെട്ടിവലിച്ചു കൊണ്ടുപോവാന്‍ പോലിസ് ശ്രമിക്കുമ്പോള്‍ താന്‍ കുഞ്ഞിനു മുലയൂട്ടുകയാണെന്നും കുഞ്ഞിനു സുഖമില്ലെന്നും കാര്‍ വലിക്കുന്നതു നിര്‍ത്താന്‍ പറയൂ എന്നു കാറിനുള്ളില്‍ നിന്ന് സ്ത്രീ പറയുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പോലിസിനെ ചോദ്യംചെയ്യുന്നതും വീഡിയോയില്‍ കാണാം. കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങിവരികയാണെന്നു സ്ത്രീ പറയുന്നുണ്ട്. നിയമം ലംഘിച്ച് മറ്റു പല വാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പോലിസ് നിര്‍ദയമായി പെരുമാറുന്നുവെന്നു യുവതി ആരോപിക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പോലിസുകാരനെ മഹാരാഷ്ട്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പോലിസ് നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫസ്‌നാവിഡ് പറഞ്ഞു. തീര്‍ത്തും അപകടകരമായ നടപടിയാണു പോലിസിന്റേത്. കുറ്റം ചെയ്ത പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രാഫിക് പോലിസുകാരെ ബോധവല്‍ക്കരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.എന്നാല്‍ സംഭവത്തിന്റെ മറ്റൊരു വശം വ്യക്തമാക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലിസ് സ്ത്രീയോട് ആവശ്യപ്പെടുന്നതു മുതലാണു വീഡിയോ. പോലിസ് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുന്ന സമയത്തു സ്ത്രീ മാത്രമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. ഈ സമയം കുട്ടി കാറിന് വെളിയില്‍ നില്‍ക്കുന്ന ഒരു പുരുഷന്റെ കൈയിലായിരുന്നു. പിന്നീടാണു കുട്ടി സ്ത്രീയുടെ കൈയിലെത്തുന്നത്.
Next Story

RELATED STORIES

Share it