kannur local

കുഞ്ഞാമിന വധത്തിന് ഒരാഴ്ച; തുമ്പില്ലാതെ പോലിസ്

ഇരിക്കൂര്‍: സിദ്ദീഖ് നഗറിലെ റുബീന മന്‍സിലില്‍ മെരടന്‍ കുഞ്ഞാമിനയെ തന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനായില്ല. കേസന്വേഷിക്കുന്ന പോലിസ് സംഘം കര്‍ണാടകയില്‍ പോയി അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൊലപാതക സംഘമെന്നു സംശയിക്കുന്നവര്‍ക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ വന്നതും പോയതുമായ വിളികള്‍ സംബന്ധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൊലപാതക ശേഷം സംഘം ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെ കണ്ടെത്താനായി എസ്പിയുടെ സ്‌ക്വാഡിലെ പ്രത്യേകപരിശീലനം ലഭിച്ച അംഗങ്ങള്‍ കര്‍ണാടകയിലേക്കു പുറപ്പെട്ടിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം ഫോണ്‍ ഓഫ് ചെയ്തത് കര്‍ണാടക കോളാര്‍ ജില്ലയിലെ മുല്‍ബാഗലലില്‍ താമസിക്കുന്ന ശ്രീനിവാസന്‍ എന്നയാളാണെന്നു വ്യക്തമായിട്ടുണ്ട്.
കലാശിപാളം വരെ ഇയാളെ പോലിസ് പിന്തുടര്‍ന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഇയാളുടെ സഹോദരനെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. കൊലപാതകസംഘമെന്നു സംശയിക്കുന്ന യുവതിയും മകനും മകളും ശ്രീനിവാസനും കര്‍ണാടകയിലെ മുല്‍ബാഗില്‍ ടവര്‍ ലൊക്കേഷനില്‍ മാസങ്ങള്‍ക്കു മുമ്പ് താമസിച്ചതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീനിവാസന്റെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നെങ്കിലും പിന്നീട് ഓഫ് ചെയ്തതോടെ അന്വേഷണം വഴിമുട്ടി. ബംഗളൂരിവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയാണ് ഇവരുടെ വീട്.
ഇവിടെ നടത്തിയ അന്വേഷണത്തില്‍ ഏകദേശം ഒരേസമയത്താണ് നാലംഗസംഘം വീട് പൂട്ടി ഇറങ്ങിയതെന്നു ബോധ്യമായിട്ടുണ്ട്. കൊലപാതകത്തിന്റെ ചുരുളഴിയാന്‍ ശ്രീനിവാസനെ പിടികൂടണമെന്നാണു പോലിസ് നിഗമനം. ശ്രീനിവാസനു കടുത്ത സാമ്പത്തിക പ്രയാസമുണ്ടെന്നാണു പോലിസിന്റെ കണ്ടെത്തല്‍. മാത്രമല്ല, സംഘത്തിലെ രണ്ടു സ്ത്രീകള്‍ ഇരിക്കൂറിലെ ഡോക്ടറെ സമീപിച്ചപ്പോള്‍ കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇംഗ്ലീഷും കന്നഡയും നന്നായി സംസാരിച്ചിരുന്ന ഇവരോടൊപ്പം പുരുഷന്‍മാര്‍ ആരും വന്നിരുന്നില്ല. കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാനാവാത്തതില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
അതേസമയം, കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 9നു വൈകീട്ട് നാലിനു ഇരിക്കൂര്‍ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ കെ ടി നസീര്‍ അധ്യക്ഷത വഹിച്ചു. സി രാജീവന്‍, കെ പി അബ്ദുല്‍ അസീസ്, വി രാമചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it