kannur local

കുഞ്ഞാമിന വധക്കേസ്: ഇരിക്കൂറില്‍ ഹര്‍ത്താല്‍ പൂര്‍ണം



ഇരിക്കൂര്‍: സീദ്ദിഖ് നഗറിലെ വീട്ടമ്മ മെരടന്‍ കുഞ്ഞാമിന കൊല്ലപ്പെട്ടിട്ട് ഒരുവര്‍ഷമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഇരിക്കൂര്‍ പഞ്ചായത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. മുഴുവന്‍ കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. എന്നാല്‍, വാഹനങ്ങള്‍ നിരത്തിലിറങ്ങി. കേസ് സിബിഐക്ക് കൈമാറണമെന്നാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് കുഞ്ഞാമിനയെ സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാനക്കാരായ മൂന്നംഗ കുടുംബത്തെ അന്നുതന്നെ കാണാതാവുകയും ചെയ്തു. ഈ സംഘത്തില്‍ ഒരു മലയാളിയുണ്ടെന്ന സംശയവും ഉയര്‍ന്നിരുന്നു. ഇവരില്‍ ഒരാളെയെങ്കിലും പോലിസിന് പിടികൂടാനായില്ല. മോഷണത്തിനായാണ് സ്ത്രീയെ വെട്ടിക്കൊന്നതെന്നായിരുന്നു പോലിസിന്റെ നിഗമനം. അന്വേഷണ സംഘം നാലോളം സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിന് പോയി. രണ്ടുതവണ റായ്ഗഢിലെ ഒരുഹോട്ടലില്‍ സംഘം വാടകയ്ക്ക് താമസിച്ചിരുന്നതായി വിവരം കിട്ടിയിരുന്നു. അതിനുശേഷം ഇവര്‍ എങ്ങോട്ടു പോയെന്നതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കൊലപാതകം അന്വേഷിക്കാന്‍ ഇരിക്കൂര്‍ എസ്‌ഐ, മട്ടന്നൂര്‍ സിഐ, ഇരിട്ടി ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ജില്ലാ പോലിസിന്റെ സ്‌പെഷ്യല്‍ ക്രൈം സ്‌ക്വാഡ് പിന്നീട് അന്വേഷണം ഏറ്റെടുത്തു. പ്രതികളുടേതെന്ന് സംശയിക്കുന്നവരുടെ ഫോട്ടോ സംഘടിപ്പിക്കാന്‍ കഴിഞ്ഞതാണ് ഒരു വര്‍ഷക്കാലത്തെ അന്വേഷണ പുരോഗതി. ഇവരുടെ ഫോണ്‍നമ്പര്‍ കണ്ടെത്താനായെങ്കിലും ഇത് ഉപയോഗത്തിലില്ലാത്തതിനാല്‍ ഈ ശ്രമവും വിഫലമായി.
Next Story

RELATED STORIES

Share it