kozhikode local

കുഞ്ഞനന്തനെ വിട്ടയക്കാനുള്ള നീക്കത്തിനെതിരേ ഗവര്‍ണറെ സമീപിക്കുമെന്ന് ആര്‍എംപിഐ

കോഴിക്കോട്:  ടി പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി കുഞ്ഞനന്തനെ ജയില്‍ വിമുക്തനാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും  ഹൈക്കോടതിയെ സമീപിക്കുമെന്നും ആര്‍എംപിഐ. കുഞ്ഞനന്തന്റെ ജീവപര്യന്തം വധശിക്ഷയാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ ശ്രമിക്കുന്നത്.
ടിപി കേസിലെ ശിക്ഷാവിധി പ്രഖ്യാപിച്ച അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കുഞ്ഞനന്തന്‍ തനിക്ക ഏറ്റവും വേണ്ടപ്പെട്ടവനാണെന്ന് പ്രസ്താവന ഇറക്കിയിരുന്നു. ഇത്തരം പ്രസ്താവനകളും പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങളും സര്‍ക്കാരിന്റെ പുതിയ നീക്കവും സംഭവത്തിന് പിന്നില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. നേരത്തെ ശിക്ഷയില്‍ ഇളവ് ലഭിക്കേണ്ടവരുടെ പട്ടികയില്‍ ടിപി കേസ് പ്രതികള്‍ ഉള്‍പ്പെട്ടിരുന്നു. അന്ന് മാധ്യമ വിമര്‍ശനവും ചര്‍ച്ചയും ഗവര്‍ണറുടെ ഇടപെടലും മൂലം മാത്രമാണ് അത് ഒഴിവാക്കപ്പെട്ടത്. പ്രതികളുടെ സംരക്ഷണം സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയുമായതിനാലാണ് എഴുപത് വയസ്സിന്റെ ആനുകൂല്യം നല്‍കി കുഞ്ഞനന്തനെ വിട്ടയക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരായി ശക്തമായ നീക്കങ്ങള്‍ നടത്തുമെന്നും സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി പി മോഹനന്‍, കോഴിക്കോട് ജില്ലാ ചെയര്‍മാന്‍  കെ കെ കുഞ്ഞിക്കണാരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it