കുങ്കിച്ചിറ മ്യൂസിയം: ഹരിയാനയില്‍നിന്ന് 500 കോടി രൂപയുടെ പുരാവസ്തുക്കള്‍

കല്‍പ്പറ്റ: ഹരിയാനയിലെ ഗുര്‍ഗാവന്‍ അര്‍ബന്‍ എസ്റ്റേറ്റിലുള്ള ഹോം ഓഫ് ഫോക് ആര്‍ട് മ്യൂസിയം 500 കോടി രൂപ വിലമതിക്കുന്ന 30,000 പുരാവസ്തുക്കള്‍ കേരളത്തിനു കൈമാറുന്നു. ഇതിന്റെ ഭാഗമായി ധാരണാപത്രം തയ്യാറാക്കുന്നതിനു ഫോക് ഓഫ് ആര്‍ട് പ്രതിനിധി അഡ്വ. സഞ്ജീവ് സാത്തേ തിരുവനന്തപുരത്ത് മ്യൂസിയം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി കെ ജയലക്ഷ്മിയുമായി കൂടിക്കാഴ്ച നടത്തി.
പ്രസിദ്ധ കലാകാരന്‍ അന്തരിച്ച കൃഷ്ണചന്ദ് ആര്യന്‍ എന്ന കെ സി ആര്യന്‍ 1984ല്‍ സ്ഥാപിച്ചതാണ് ഫോക് ആര്‍ട് മ്യൂസിയം. കെ സി ആര്യന്റെ മക്കളായ ബൈജുനാഥ് ആര്യന്‍, ഡോ. സുഭാഷിണി ആര്യന്‍ എന്നിവരാണ് നിലവില്‍ മ്യൂസിയം നോക്കിനടത്തുന്നത്. അവിവാഹിതരായ ഇവര്‍ പ്രായാധിക്യംമൂലം ബുദ്ധിമുട്ടിലാണ്. ഇവരുടെ നിയമോപദേഷ്ടാവാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സഞ്ജീവ് സാത്തേ. വയനാട്ടിലെ തൊണ്ട ര്‍നാട് പഞ്ചായത്തില്‍പ്പെട്ട കുങ്കിച്ചിറയില്‍ സംസ്ഥാന സര്‍ക്കാര്‍ ട്രൈബല്‍ ഹെരിറ്റേജ് മ്യൂസിയം ആരംഭിക്കാന്‍ തീരുമാനിച്ചതറിഞ്ഞ ആര്യന്‍ കുടുംബാംഗങ്ങള്‍ പുരാവസ്തു ശേഖരം കൈമാറാനുള്ള സന്നദ്ധത സര്‍ക്കാരിനെ നേരത്തേ അറിയിച്ചിരുന്നു.
16, 18, 19, 20 നൂറ്റാണ്ടുകളിലെ കലാരൂപങ്ങളും ഉള്‍പ്പെടുന്നതാണ് ഫോക് ആര്‍ട് മ്യൂസിയത്തിലെ പുരാവസ്തുശേഖരം. കെ സി ആര്യന്‍ സ്വന്തമായി ശേഖരിച്ചതാണ് ഇതില്‍ ഏറെയും. സഞ്ജീവ് സാത്തേയുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പുരാവസ്തുക്കള്‍ ഏറ്റുവാങ്ങുന്നതിനുള്ള തുടര്‍ നടപടികള്‍ക്കു സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. കുങ്കിച്ചിറയില്‍ ട്രൈബല്‍ പൈതൃക മ്യൂസിയത്തിന്റെ നിര്‍മാണം പുരോഗതിയിലാണ്. ഫെബ്രുവരി 27ന് മ്യൂസിയം ഉദ്ഘാടനം നടക്കും. ഇതിന് മുമ്പ് പുരാവസ്തുക്കള്‍ വയനാട്ടില്‍ എത്തിക്കുന്നതിനു നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട് കുഞ്ഞാം വനത്തിലുള്ള വിശാലമായ പുല്‍മൈതാനത്തിന് 100 മീറ്റര്‍ മാറിയാണ് സഞ്ചാരികളുടെ കളിപ്പൊയ്ക എന്നറിയപ്പെടുന്ന കുങ്കിച്ചിറ. രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള ചിറയോടുചേര്‍ന്ന് മ്യൂസിയം സ്ഥാപിക്കുന്നതിനു 13 കോടി രൂപയുടെ പദ്ധതിയാണ് മ്യൂസിയം വകുപ്പ് തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it