kannur local

കീഴാറ്റൂര്‍ വയല്‍ പി ജയരാജന്‍ സന്ദര്‍ശിച്ചു

തളിപ്പറമ്പ്:  പോലിസ് അതിക്രമവും കൊള്ളിവയ്പും അരങ്ങേറിയ കീഴാറ്റൂര്‍ വയല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സന്ദര്‍ശിച്ചു. ദേശീയപാത ബൈപാസിനായി സര്‍വേ നടപടി പൂര്‍ത്തിയായ സ്ഥലം കാണാനാണ് അദ്ദേഹം എത്തിയത്. വിശാലമായ വയല്‍ഭൂമി ഏറ്റെടുക്കലിനെതിരേ വയല്‍ക്കിളികള്‍ സമരം ശക്തമാക്കുന്നതിനിടെയാണ് സന്ദര്‍ശനം. എന്നാല്‍, വയല്‍ക്കിളി ഭാരവാഹികളുമായി സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കര്‍ഷകരുടെയും ഭൂവുടമകളുടെയും ജനകീയ പ്രക്ഷോഭത്തെ പരസ്യമായി തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വം, സമരത്തില്‍ പങ്കെടുത്ത 11 പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് പ്രാദേശിക നേതൃത്വത്തിനൊപ്പം പി ജയരാജന്‍ കീഴാറ്റൂരില്‍ എത്തിയത്. നാട്ടുകാരുമായി സംസാരിച്ച അദ്ദേഹം, വയലിലിറങ്ങി ദേശീയപാത കടന്നുപോവുന്ന ഭാഗങ്ങള്‍ വീക്ഷിച്ചു. ബൈപാസ്‌വിരുദ്ധ സമരക്കാര്‍ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ പൊളിഞ്ഞെന്ന് ബോധ്യപ്പെട്ടതായി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 250 ഏക്കര്‍ വയല്‍പ്രദേശം ഏറ്റെടുക്കേണ്ടി വരുമെന്നായിരുന്നു ആദ്യനുണ.
എന്നാല്‍ സര്‍വേ പൂര്‍ത്തിയായപ്പോള്‍ 11 ഏക്കര്‍ മാത്രമേ വരികയുള്ളൂ എന്ന് എല്ലാവര്‍ക്കും ബോധ്യമായി. വയലിലൂടെ ഒഴുകുന്ന തോട് പൂര്‍ണമായും ഇല്ലാതാവും എന്നായിരുന്നു രണ്ടാമത്തെ നുണ. സര്‍വേ കല്ലുകള്‍ തോടിനു വെളിയിലാണ്. തോട് തോടായി നില്‍ക്കുമെന്ന് ചുരുക്കം.
നെല്‍വയലുകള്‍ ആകെ ഇല്ലാതാവുമെന്നായിരുന്നു അടുത്ത നുണ. വയലിന്റെ ഒരുഭാഗം മാത്രമേ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ബാക്കിഭാഗം നെല്‍കൃഷി നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍, സമരപ്പന്തലിന് തീയിട്ട സംഭവത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. സമരക്കാരാണ് വയലിലെ പുല്‍ക്കൂനകള്‍ക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃതമായി പന്തല്‍ കിട്ടിയത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ സമരക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ ബന്ധുക്കളായ നാലുകുടുംബങ്ങള്‍ മാത്രമാണ് സമ്മതപത്രം നല്‍കാനുള്ളത്. എതിര്‍പ്പുകള്‍ ഉയരുന്നതും അതിന്റെ അമ്പുകള്‍ കൊള്ളാന്‍ പോവുന്നതും സിപിഎമ്മിനല്ല. വികസനത്തിന് എതിരുനിന്നാല്‍ തടസ്സപ്പെടുന്നത് നാടിന്റെ പൊതുവായ അഭിവൃദ്ധിയാണ്.
തെറ്റായ നിലപാടുകള്‍ തിരുത്തണം. നാടിന്റെ പൊതുവായ വികസനത്തിനുവേണ്ടി ഒന്നിക്കണം. ഇക്കാര്യത്തില്‍ കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും പാര്‍ട്ടി കൈക്കൊള്ളുന്ന സമീപനങ്ങളില്‍ പൊരുത്തക്കേടില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം പ്രദേശിക നേതാക്കളായ എന്‍ ചന്ദ്രന്‍, പി കെ ഗോവിന്ദന്‍ മാസ്റ്റര്‍, പി വി ഗോപിനാഥ്, കെ സന്തോഷ്, പി മുകുന്ദന്‍, കോമത്ത് മുരളി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it