kannur local

കീഴാറ്റൂര്‍ രൂപരേഖയില്‍ ദേശീയപാത അതോറിറ്റി ഉറച്ചുനില്‍ക്കുന്നു

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതു സംബന്ധിച്ച് തയ്യാറാക്കിയ രൂപരേഖയില്‍ ദേശീയപാത അതോറിറ്റി ഉറച്ചുനില്‍ക്കുന്നതായി സൂചന. ചില കാര്യങ്ങള്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചിരുന്നതായി പ്രദേശത്ത് പരിശോധന നടത്തിയ കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ബംഗളൂരു മേഖലാ ഓഫിസര്‍ ജോണ്‍ തോമസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതു തന്റെ വാദമല്ലെന്നും തെറ്റിദ്ധരിക്കരുതെന്നും ആമുഖമായി ജോണ്‍ തോമസ് പറഞ്ഞു.
എന്നാല്‍, ഇതേച്ചൊല്ലി വയല്‍ക്കിളികളും ബിജെപി നേതാക്കളും പരിശോധനാ സംഘവുമായി തര്‍ക്കമുണ്ടായി. ആറന്‍മുളയിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ എന്തൊക്കെ കാരണങ്ങളാണോ പറഞ്ഞത് അത് കീഴാറ്റൂരിനും ബാധകമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മൂന്ന് അലൈന്‍മെന്റും പഠിച്ച ശേഷമാണ് കീഴാറ്റൂര്‍ തിരഞ്ഞെടുത്തതെന്നും ഇവിടേക്ക് മാത്രമായി ഒരു പരിസ്ഥിതിപഠനം നടത്താനാവില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നതായും ജോണ്‍ തോമസ് വിശദീകരിച്ചു. നേരത്തെ പഠനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ കാണിക്കണമെന്നായി വയല്‍ക്കിളി നേതാവ് സുരേഷ്. രേഖ ഹാജരാക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി ജോണ്‍ തോമസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ പൊതുആവശ്യത്തിന് വയല്‍ നികത്താന്‍ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം അറിയിച്ചപ്പോള്‍, താങ്കള്‍ നിയമത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നും സുപ്രിംകോടതി വരെ നിയമപോരാട്ടം നടത്താന്‍ ഞങ്ങള്‍ തയ്യാറാണെന്നും വയല്‍ക്കിളികള്‍ തിരിച്ചടിച്ചു. എല്ലാം വിശദമായി പഠിക്കുമെന്നും മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കൃഷി-റവന്യൂ-പൊതുമരാമത്ത്-ദേശീയപാത വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും സംഘത്തലവന്‍ അറിയിച്ചു. ജോണ്‍ തോമസിന് പുറമെ ഉദ്യോഗസ്ഥരായ നിര്‍മല്‍ പ്രസാദ്, എം എസ് ഷീബ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it