കീഴാറ്റൂര്‍ ബൈപാസ്: പരിഷത്ത് റിപോര്‍ട്ട് തള്ളി സിപിഎം

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാനും ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ഇരട്ടത്താപ്പ് വെളിപ്പെടുത്താനും സിപിഎം തുറന്ന കത്തുമായി രംഗത്ത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പേരില്‍ തയ്യാറാക്കിയ 'കീഴാറ്റൂര്‍ ബൈപാസ്: ഒരു തുറന്ന കത്ത്' എന്ന തലക്കെട്ടിലുള്ള കത്ത് പാര്‍ട്ടി കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകരിലൂടെ ഒരാഴ്ചയ്ക്കകം 5.5 ലക്ഷം വീടുകളില്‍ എത്തിക്കുമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ ഐസകിനു നല്‍കിയാണ് നാലു പേജുള്ള കത്ത് പ്രകാശനം ചെയ്തത്.
ശാസ്ത്ര സാഹിത്യ പരിഷത്ത് റിപോര്‍ട്ടിനെ തള്ളിക്കളയുന്ന സിപിഎം, കീഴാറ്റൂരില്‍ രൂപപ്പെട്ട സിപിഎം വിരുദ്ധ മഹാസഖ്യം ജനവിരുദ്ധ രാഷ്ട്രീയമാണെന്ന് പരിഷത്ത് തിരിച്ചറിയണമെന്നും ആവശ്യപ്പെടുന്നു. ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്ന നിലയില്‍ അംഗീകാരം നേടിയ പരിഷത്തിന്റെ പഠന റിപോര്‍ട്ടിലെ ചില ഭാഗങ്ങളോട് യോജിക്കാനാവില്ലെന്നു തുറന്നടിക്കുന്നുമുണ്ട്.
കീഴാറ്റൂര്‍ വയല്‍ പ്രശ്‌നം ഒറ്റതിരിഞ്ഞ് സിപിഎമ്മിനെതിരേ മാവോയിസ്റ്റ്, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് സംഘടനകള്‍ വികാരം ആളിക്കത്തിക്കുകയാണ്. ഇതില്‍ തെറ്റിദ്ധരിക്കപ്പെട്ടവരും പരിസ്ഥിതി മൗലികവാദികളും ഉള്‍പ്പെട്ടിട്ടുണ്ട്. നന്ദിഗ്രാം ആവര്‍ത്തിക്കുമെന്നു വരെ പ്രചാരണം നടത്തി. ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും കള്ളക്കളികള്‍ ജനം തിരിച്ചറിയണം. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പും ഇരട്ടത്താപ്പുമാണ്. വികസനവിരുദ്ധരെ പ്രോല്‍സാഹിപ്പിക്കുന്ന മാധ്യമങ്ങളെയും തിരിച്ചറിയണം. യുഡിഎഫിനെയും ബിജെപിയെയും പ്രതിസന്ധിയിലാക്കുന്ന ഒമ്പതു ചോദ്യങ്ങളോടെയാണ് തുറന്ന കത്ത് അവസാനിക്കുന്നത്. കീഴാറ്റൂര്‍ വിഷയം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമാധാനം, വികസനം എന്ന പ്രമേയത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലയില്‍ നടത്തുന്ന വടക്കന്‍-തെക്കന്‍ മേഖലാ ജാഥകള്‍ നാളെ ആരംഭിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it