kannur local

കീഴാറ്റൂര്‍ അക്രമം; പോലിസ് അന്വേഷണത്തില്‍ പുരോഗതിയില്ല

തളിപ്പറമ്പ്: സിപിഎം, വയല്‍ക്കിളി സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന കീഴാറ്റൂരിലും പരിസരപ്രദേശങ്ങളിലും പോലിസ് കാവല്‍ ശക്തമാക്കി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ രാത്രികാല പട്രോളിങും തുടരുകയാണ്.
കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ടിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസമുണ്ടായ രണ്ട് അക്രമക്കേസുകളിലും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍, തെളിവൊന്നും ലഭിച്ചിട്ടില്ല. വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനുനേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയും സിപിഎം പ്രവര്‍ത്തക അനിതയുടെ വീടിനുനേരെ രാത്രി 8.30ഓടെയുമാണ് അക്രമം നടന്നത്. സുരേഷിന്റെ ഇഎംഎസ് സ്മാരക വായനശാലയ്ക്ക് സമീപത്തെ വീടാക്രമിച്ചവര്‍ സഞ്ചരിച്ചതെന്നു കരുതുന്ന രണ്ടു ബൈക്കുകള്‍ തൃച്ഛംബരം വരെ എത്തിയതിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതാണ് പോലിസിനെ കുഴക്കുന്നത്. അമിതവേഗത്തി ല്‍ രണ്ടുബൈക്കുകള്‍ ഓടിച്ചുപോവുന്നത് മാത്രം കാണാം. വാഹനമോ, ഓടിച്ചവരെയോ മനസ്സിലാക്കാന്‍ കഴിയുന്നില്ല. നഗരത്തില്‍ ഉള്‍പ്പെടെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.
അതിനിടെ, സിപിഎം പ്രവര്‍ത്തക അനിതയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും വരാന്തയില്‍ ഭീഷണിക്കത്ത് വയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു. അനിതയുടെ മകളുടെ ഭര്‍ത്താവ് വിജേഷ് വയല്‍ക്കിളി പ്രവര്‍ത്തകനാണ്. വിജേഷിന്റെ പ്ലാത്തോട്ടത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍ നിന്നുള്ള ദൃശ്യം പോലിസിന് ലഭിച്ചിരുന്നു. കത്തില്‍ ഇക്കാര്യം പറഞ്ഞാണ് ഭീഷണി. സംഭവമറിഞ്ഞയുടന്‍ ഡിവൈഎസ്പി കെ വി വേണുഗോപാല്‍, സിഐ പി കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് വീട്ടിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it