kannur local

കീഴാറ്റൂരില്‍ സ്വകാര്യ സ്‌കൂള്‍ വാഹനം തടയില്ലെന്ന്

തീരുമാനം  തളിപ്പറമ്പ്: സിപിഎം നേതൃത്വത്തിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന് കീഴാറ്റൂരില്‍ സ്വകാര്യ സ്‌കൂള്‍ ബസ് തടയലില്‍നിന്ന് സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ സംരക്ഷണ സമിതി പിന്‍വാങ്ങി. ഈ അധ്യയനവര്‍ഷം കീഴാറ്റൂരിലെത്തുന്ന മറ്റു സ്‌കൂള്‍ വാഹനങ്ങള്‍ തടയില്ലെന്ന് സമിതി ഭാരവാഹികള്‍ ഉറപ്പുനല്‍കി.
ഇതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണു തീരുമാനമുണ്ടായത്. ഇതോടെ, കീഴാറ്റൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞ പ്രശ്‌നം പരിഹരിക്കാന്‍ ഇവിടെനിന്ന് മറ്റു സ്്കൂളുകളിലേക്ക് പോവുന്ന കുട്ടികളുടെ വാഹനം തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായി. എന്നാല്‍, അടുത്ത അധ്യയനവര്‍ഷം കീഴാറ്റൂരിലെ കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ ചേര്‍ക്കുന്നത് ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ രക്ഷിതാക്കളുടെ ആക്ഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല. എസ്‌ഐ കെ കെ പ്രശോഭ്, നഗരസഭ കൗണ്‍സിലര്‍ കെ.മുരളീധരന്‍, ഡി എം ബാബു, കൊട്ടാരം, അക്കിപ്പറമ്പ്, സാന്‍ജോസ് എന്നീ സ്‌കൂളുകളുടെ പ്രതിനിധികള്‍ എന്നിവരാണു ചര്‍ച്ചയ്‌ക്കെത്തിയത്. കീഴാറ്റൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കാതെ നഗരത്തിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുംം മറ്റു മാനേജ്‌മെന്റ് സ്‌കൂളുകളിലും ചേര്‍ത്തതിനെതിരേ ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ സംരക്ഷണ സമിതി.
ഇവര്‍ക്കൊപ്പം കീഴാറ്റൂര്‍ എല്‍പി സ്‌കൂള്‍ പിടിഎ കമ്മിറ്റിയും ചേര്‍ന്ന് മറ്റു സ്‌കൂളുകളുടെ ബസ്സുകള്‍ തടയുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ജെയിംസ് മാത്യു എംഎല്‍എയും സിപിഎം ജില്ലാ നേതൃത്വവും ഇടപെട്ട് സമരത്തില്‍നിന്ന് പിന്‍മാറാന്‍ അണികള്‍ക്ക്് കര്‍ശന നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it