kannur local

കീഴാറ്റൂരിന് ബദലുമായി എഐവൈഎഫ് സംവാദം

കണ്ണൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് നടത്തിയ ജനജാഗ്രതാ മാര്‍ച്ചില്‍ എല്‍ഡിഎഫിന്റെ മറ്റെല്ലാ ഘടകകക്ഷി നേതാക്കളെയും ക്ഷണിച്ചപ്പോള്‍ സിപിഐക്ക് ക്ഷണമില്ല. കീഴാറ്റൂര്‍ വിഷയത്തില്‍ നേരത്തെ തന്നെ വയല്‍ക്കിളികള്‍ക്ക് ഒപ്പമാണ് സിപിഐ. ഇക്കാര്യത്തില്‍ പരസ്യമായ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തളിപ്പറമ്പില്‍ സിപിഎം ജനജാഗ്രതാ മാര്‍ച്ചും സമ്മേളനവും സംഘടിപ്പിച്ചപ്പോള്‍ എഐവൈഎഫ് കണ്ണൂരില്‍ കീഴാറ്റൂരിന് ബദലുണ്ട് എന്ന സംവാദം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജനകീയ സമരങ്ങളില്‍ ഓരോ സ്ഥലത്തും ഓരോന്ന് എന്ന സൗകര്യാധിഷ്ഠിതമായ നിലപാട് സ്വീകരിക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. എലിവേറ്റഡ് ഹൈവേക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. അത് പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമമാണ് ആവശ്യം. കീഴാറ്റൂരിലൂടെ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപാസ് വരുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും നീര്‍ത്തടത്തിന്റെ നാശത്തിനും കാരണമാവും.
ബൈപാസ് നിര്‍മിച്ചതിന് ശേഷം ബാക്കിയുള്ള വയലില്‍ കൃഷി നടത്താന്‍ കഴിയുമെന്ന വാദം അര്‍ഥശൂന്യമാണ്. കീഴാറ്റൂര്‍ ബൈപാസ് സംബന്ധിച്ച് വിശദമായ പാരിസ്ഥിതിക ആഘാതപഠനം നടത്തിയിട്ടില്ല.  കീഴാറ്റൂരില്‍ നടക്കുന്നത് ജനകീയ സമരമാണ്. ജില്ലാ പ്രസിഡന്റ് എം സി സജീഷ് അധ്യക്ഷനായി.
Next Story

RELATED STORIES

Share it