Flash News

കീഴടങ്ങിയ മാവോവാദികള്‍ക്ക് സംസ്ഥാനത്ത് നിരവധി കേസുകള്‍



മാനന്തവാടി: തിങ്കളാഴ്ച കര്‍ണാടകയിലെ ചിക്മംഗളൂരുവില്‍ കീഴടങ്ങിയ മാവോവാദികള്‍ക്ക് കേരളത്തില്‍ നിരവധി കേസുകള്‍. കേരളം, കര്‍ണാടക, തമിഴ്‌നാട്്് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന മൂന്ന് മാവോവാദികളാണ് ചിക്്മംഗളൂരു ജില്ലാ ഭരണകൂടത്തിന് കീഴിലെ പ്രത്യേക സമിതിക്കുമുന്നില്‍ തിങ്കഌഴ്ച വൈകുന്നേരം കീഴടങ്ങിയത്. അട്ടപ്പാടി ആസ്ഥാനമായുള്ള ഭവാനി ദളത്തിലെ കന്യ, സുവര്‍ണ എന്ന പേരുകളില്‍ അറിയപ്പെടുുന്ന കന്യാകുമാരി (32),  ഭര്‍ത്താവ് ശിവു (35), സുമ, സുമതി എന്ന പേരുകളുള്ള ചിന്നമ്മ (32) എന്നിവരാണ് മാവോവാദി പുനരധിവാസത്തിനായി കര്‍ണാടക സര്‍ക്കാര്‍ രൂപികരിച്ച പ്രത്യേക സമിതിക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ കന്യാകുമാരിക്കെതിരേ വയനാട്ടിലെ വെള്ളമുണ്ടയില്‍ രണ്ടും മേപ്പാടിയില്‍ രണ്ടും കേസുകളും കോഴിക്കോട്, വളയം എന്നിവിടങ്ങളില്‍ ഓരോ കേസുകളും ഉണ്ട്. ശിവുവിനെതിരേ അട്ടപ്പാടിയില്‍ രണ്ട് കേസുകളുണ്ട്. അതേസമയം, ചിന്നമ്മക്കെതിരേ കേരളത്തില്‍ ഒരിടത്തും കേസുകള്‍ നിലവിലില്ലെന്നാണ് വിവരം. വെള്ളമുണ്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 2014 ഏപ്രില്‍ 24ന് പ്രമോദ് എന്ന പോലിസുകാരന്റെ ബൈക്ക് കത്തിച്ചതും അതേവര്‍ഷം ഡിസംബര്‍ 22 ന് കുഞ്ഞോം ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ചതിലും പ്രതിയാണ് കന്യാകുമാരി. കൂടാതെ മേപ്പാടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കോളനികളില്‍ ആയുധവുമായെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ പ്രതികൂടിയാണ് കന്യാകുമാരി. ഇവര്‍ക്കെതിരേ മൂന്ന് സംസ്ഥാനങ്ങളിലുമായി 32 കേസുകള്‍ നിലവിലുണ്ടെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇവരുടെ ഭര്‍ത്താവ് ഷിവു വനം വകുപ്പിന്റെ വാഹനം ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി മാവോവാദി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കന്യാകുമാരി യെന്ന് പോലിസ് പറയുന്നു.  കീഴടങ്ങിയതോടെ ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമം കേരള പോലിസ് ആരംഭിച്ചിട്ടുണ്ട്. ഇവരുടെ കീഴടങ്ങല്‍ കേരളത്തിലെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് പോലിസ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it