കീഴടങ്ങിയത് ഡമ്മി പ്രതികള്‍: ചെന്നിത്തല

തുറവൂര്‍/തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായെന്ന് പറയുന്ന പ്രതികള്‍ ഡമ്മികളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇവരെ പോലിസ് പിടികൂടുകയായിരുന്നില്ല. മറിച്ച് മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഇവര്‍ സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കീഴടങ്ങുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു നയിക്കുന്ന തീരദേശ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, ശുഹൈബിനെ കൊലചെയ്ത് ആറു ദിവസം പിന്നിട്ടിട്ടും യഥാര്‍ഥ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലിസിന് കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേസന്വേഷണത്തില്‍ പോലിസിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു.  യഥാര്‍ഥ പ്രതികളെ പിടികൂടാനും നിഷ്പക്ഷമായ അന്വേഷണം നടത്താനും പോലിസ് തയ്യാറാവുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തും.
ഇന്ന് കണ്ണൂര്‍ കലക്ടറേറ്റിന് മുമ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും സത്യഗ്രഹസമരം ആരംഭിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് 21ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തും.അതേസമയം,  യഥാര്‍ഥ പ്രതികള്‍ക്കു പകരം ബലിയാടുകളെ നല്‍കി കേസ് തേച്ചുമായ്ച്ചു കളയാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ ജനരോഷം നേരിടേണ്ടിവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് ശുഹൈബിന്റെ പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഡമ്മി പ്രതികളെ നല്‍കി യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം തന്ത്രം വിലപ്പോവില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it