കീര്‍ത്തി ആസാദ് പ്രശ്‌നം: നേതാക്കള്‍ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: ബിജെപി എംപി കീര്‍ത്തി ആസാദിന്റെ സസ്‌പെ ന്‍ഷന്‍ പ്രശ്‌നവും പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട കാര്യവും ചര്‍ച്ച ചെയ്യുന്നതിന് ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്തകുമാര്‍, യശ്വന്ത് സിന്‍ഹ എന്നിവരാണ് വ്യാഴാഴ്ച മുരളി മനോഹര്‍ ജോഷിയുടെ വസതിയില്‍ ഒത്തു കൂടിയത്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം കഴിഞ്ഞ നവംബര്‍ 10ന് ഈ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ നടന്ന ചര്‍ച്ചയുടെ വിശദവിവരം പുറത്തുവിടാന്‍ അവര്‍ തയ്യാറായില്ല. അവസരം വരുമ്പോള്‍ പ്രതികരിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളിലൊരാള്‍ സൂചിപ്പിച്ചത്. ഒരു മണിക്കൂര്‍ നേരം നേതാക്കള്‍ ചര്‍ച്ച നടത്തി. കീര്‍ത്തി ആസാദിന്റെ സസ്‌പെന്‍ഷന്‍ വിഷയം ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും കൂടിക്കാഴ്ചക്ക് പിന്നിലെ വിഷയം അതായിരുന്നുവെന്നായിരുന്നു മുതിര്‍ന്ന നേതാവ് പറഞ്ഞത്.
കീര്‍ത്തി ആസാദ് പാര്‍ട്ടിയിലെ മാര്‍ഗ ദര്‍ശക് മണ്ഡലിനോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത് ഷാ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം രൂപീകരിച്ച സമിതിയാണ് മാര്‍ഗ ദര്‍ശക് മണ്ഡല്‍. ഇതില്‍ അദ്വാനി, ജോഷി, വാജ്‌പേയി, നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് അംഗങ്ങള്‍. എന്നാല്‍ ഈ സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. അദ്വാനിയേയും ജോഷിയേയും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേരാത്തതെന്ന് വിമര്‍ശനമുണ്ട്. തങ്ങളുടെ അഭിപ്രായത്തിന് പാര്‍ട്ടി വില കല്‍പിക്കാത്തതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അസംതൃപ്തിയുണ്ടെന്നാണ് നേതാക്കളുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.
നേതാക്കളുടെ അഭിപ്രായങ്ങള്‍ നേതൃത്വം പൊതുവേ സ്വാഗതം ചെയ്‌തെങ്കിലും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വാസ്തവം. പാര്‍ലമെന്റിനകത്തും പുറത്തും പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ പ്രവര്‍ത്തിച്ചതിനാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗം കീര്‍ത്തി ആസാദിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.അതേസമയം, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി നടപടിക്കെതിരേ രംഗത്തെത്തി. പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടത്തില്‍ ക്രിക്കറ്റ് ഉള്‍പ്പെടുമോ എന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരേയുള്ള സുപ്രിംകോടതി കേസില്‍ പാര്‍ട്ടിയുടെ തീരുമാനം കോടതിക്ക് വിധേയമായിരുന്നോ എന്നീ രണ്ടു ചോദ്യങ്ങളാണ് അദ്ദേഹം ട്വിറ്ററിലൂടെ ഉന്നയിച്ചത്.
സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ കീര്‍ത്തി ആസാദിന്റെ നാ ല്‍പതോളം അനുയായികള്‍ ബിജെപി ആസ്ഥാനത്തിനു മുന്നില്‍ പ്രകടനം നടത്തി. ബിജെപിക്കെതിരേ മുദ്രാവാക്യം മുഴക്കി ആദ്യം അവര്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വസതിക്കു മുന്നിലും പിന്നീട് പാര്‍ട്ടി ആസ്ഥാനത്തും എത്തുകയായിരുന്നു. ഇതില്‍ ഒമ്പത് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it