കീടബാധയും വന്യമൃഗശല്യവും രൂക്ഷം; തിരുനെല്ലിയിലെ കര്‍ഷകര്‍ക്ക് ഇരുട്ടടി

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പതിവുപോലെ ഇത്തവണയും വന്യമൃഗശല്യം രൂക്ഷം. ആന, പന്നി തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളിലായി ഏക്കര്‍കണക്കിന് നെല്‍കൃഷിയാണ് നശിപ്പിച്ചത്. തിരുനെല്ലി അപ്പപ്പാറ രണ്ടാം വാര്‍ഡിലെ താര കുടുംബശ്രീയുടെ ജെഎല്‍ജി ഗ്രൂപ്പായ ശ്രുതിലയം എടയൂരില്‍ കൃഷി ചെയ്ത മൂന്നേക്കര്‍ നെല്‍കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന നശിപ്പിച്ചത്. രാത്രി നെല്‍പ്പാടത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം പുലര്‍ച്ചെയാണ് തിരിച്ചുകയറിയത്. ഒരു ലക്ഷം രൂപ കുടുംബശ്രീ ലോണും മുപ്പതിനായിരം രൂപ ബാങ്ക് വായ്പയും എടുത്താണ് മൂന്നേക്കറില്‍ കൃഷി ചെയ്തത്. എന്നാല്‍, വന്യമൃഗശല്യം കാരണം ഇപ്പോള്‍ ഇവിടെ വിളവെടുക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. തിരുനെല്ലി പഞ്ചായത്തില്‍ നെല്‍കൃഷിക്ക് കതിരുകൊഴിയല്‍ രോഗവും പട്ടാളപ്പുഴുവിന്റെ ശല്യവും രൂക്ഷമാണ്. ഇതുകാരണം വിവിധ കര്‍ഷകരുടെ പത്തേക്കറില്‍ അധികം നെല്‍കൃഷിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. വിളഞ്ഞുനില്‍ക്കുന്ന കതിരുകള്‍ക്കാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്. കതിര്‍ പൂര്‍ണമായി കൊഴിഞ്ഞുപോയതിനാല്‍ പുല്ല് മാത്രമാണ് പാടത്തെ കാഴ്ച. എന്നാല്‍, ഇതോടൊപ്പം പട്ടാളപ്പുഴുവിന്റെ ശല്യവും ഉള്ളതിനാല്‍ പുല്ല് വൈക്കോലായി ഉപയോഗിക്കാന്‍ പോലും സാധിക്കില്ല.  പാരമ്പര്യ കൃഷി എന്ന നിലയ്ക്കാണ് പലരും നെല്‍കൃഷി ഒഴിവാക്കാതെ മുന്നോട്ടു കൊണ്ടുപോവുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ലോണ്‍ എടുത്തും മറ്റുമാണ് കൃഷിയിറക്കുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള അപ്രതീക്ഷിത തിരിച്ചടികള്‍ കര്‍ഷകരെ ആകെ തളര്‍ത്തുകയാണ്. കഴിഞ്ഞവര്‍ഷവും കൊയ്ത്തു സമയത്ത് പെയ്ത ശക്തമായ മഴയില്‍ തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നെല്‍കൃഷി നശിച്ചിരുന്നു. ഇതിനൊപ്പം തന്നെ വന്യമൃഗശല്യത്താലും വ്യാപകമായി കൃഷി നശിക്കുന്നതു കാരണം എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവിടങ്ങളിലെ കര്‍ഷകര്‍. വന്യമൃഗശല്യം പ്രതിരോധിക്കാനായി സമീപത്ത് ഫെന്‍സിങ് സംവിധാനം ഉണ്ടെങ്കിലും കാര്യക്ഷമമല്ല. ഫെന്‍സിങ് തൂണുകള്‍ ചവിട്ടിത്തകര്‍ത്തും മരങ്ങള്‍ മറിച്ചിട്ടുമാണ് ആനകള്‍ കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും എത്തുന്നത്. ഇവയെ കൂടാതെ പന്നി, കുരങ്ങ്, മയില്‍ തുടങ്ങിയവ കൂട്ടത്തോടെ കൃഷിയിടത്തില്‍ എത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണ്. പതിവായുള്ള വന്യമൃഗശല്യവും രോഗബാധയും കാരണം കൃഷിയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുന്നത്.
Next Story

RELATED STORIES

Share it