kasaragod local

കീടനാശിനി പരിശോധനാ ലാബിന്റെ പ്രവര്‍ത്തനം ഇനിയും ലക്ഷ്യം കണ്ടില്ല

കാഞ്ഞങ്ങാട്: പച്ചക്കറിയിലേയും പഴവര്‍ഗങ്ങളിലേയും വിഷാംശം പരിശോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പടന്നക്കാട് സ്ഥാപിച്ച ലാബിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യം കണ്ടില്ല.
പച്ചക്കറികളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും അടങ്ങിയിരിക്കുന്ന കീടനാശിനിയുടെ അളവ് പരിശോധിക്കുന്നതിനായാണ് ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയുള്ള കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറി പടന്നക്കാട് കാര്‍ഷിക കോളജില്‍ ആരംഭിച്ചത്. കീടനാശിനി പരിശോധനകള്‍ക്ക് കാര്‍ഷിക കോളജിലെ വിദഗ്ധ അധ്യാപകര്‍ നേതൃത്വം നല്‍കുമെങ്കിലും പരിശോധനയ്ക്കാവശ്യമായ ഫണ്ട് ലഭിക്കാനുള്ള കാലതാമസമാണ് പ്രവര്‍ത്തനം വൈകുന്നിന് കാരണമായി പറയുന്നത്. പടന്നാക്കാട്ടെ ലാബ് യാഥാര്‍ഥ്യമായാല്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ പഴം, പച്ചക്കറികള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളിലെ വിഷാംശ പരിശോധന സാധ്യമാകും.  കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ അവരുടെ പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ച് സാക്ഷ്യപത്രവും നല്‍കാന്‍ സംവിധാനമുണ്ടായിരുന്നു. ഇത് കര്‍ഷകരെ രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും ജൈവ കൃഷി വ്യാപിപ്പിക്കാനും ഉപകരിക്കുന്നതാണ്.
കൂടാതെ വെള്ളം, മണ്ണ് എന്നിവയിലെ കീടനാശിനികളുടെ അവശിഷ്ടം കണ്ടുപിടിക്കാനുള്ള സൗകര്യവും ലബോറട്ടറിയില്‍ ഒരുക്കിയിട്ടുണ്ട്. വിഷാംശം കണ്ടുപിടിക്കാനുള്ള വിദേശനിര്‍മിത അത്യാധുനിക ഉപകരണങ്ങളായ ഗ്യാസ് ക്രൊമാറ്റോഗ്രഫി, വിഷാംശത്തിന്റെ തോത് നിര്‍ണയിക്കുന്ന മാസ്‌പെക്ട്രോ മീറ്റര്‍ എന്നിവ ലാബിലുണ്ട്. കൂടാതെ കീടനാശിനി അവശിഷ്ടവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാവശ്യമായ നൈട്രജന്‍ ഇവാപ്പൊറേറ്റര്‍, നൈട്രജന്‍ ജനറേറ്റര്‍, റോട്ടറി വാക്വം ഇവാപ്പൊറേറ്റര്‍, ലിക്വിഡ് ക്രൊമാറ്റോഗ്രഫി, ഹോമജനൈസര്‍ തുടങ്ങിയ ഉപകരണങ്ങളും ലാബില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നുകോടിയിലേറെ രൂപ വിലവരുന്ന ഉപകരണങ്ങള്‍ ലബോട്ടറിക്കായി പ്രത്യേകം പണികഴിപ്പിച്ച ഇരുനിലക്കെട്ടിടത്തില്‍ ഉപയോഗശൂന്യമായി പൊടിപിടിച്ചുകിടക്കുകയാണ്.
നിലവില്‍ കാഞ്ഞങ്ങാട്, പയ്യന്നൂര്‍, നീലേശ്വരം മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറികള്‍ ജ്യൂസ് ആക്കി വെള്ളായനി ലാബോറട്ടറിയിലേക്ക് അയച്ച് പരിശോധന നടത്തുകയാണ് പതിവ്. ഇതിന്റെ ഫലം വരാന്‍ വളരെ താമസിക്കുന്നതിനാല്‍ വിഷാംശം കലര്‍ന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും പിടിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പച്ചക്കറിയിലും പഴവര്‍ഗങ്ങളിലും കീടനാശിനികളുടെ അംശം കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തൃശൂര്‍, കുമരകം, പടന്നക്കാട് എന്നിവിടങ്ങളില്‍ ലാബോറട്ടറി അനുവദിക്കുകയായിരുന്നു.
എന്നാല്‍ ഈ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം അനുവദിക്കാത്തതിനാലാണ് പ്രവര്‍ത്തനം തുടങ്ങാന്‍ കാലതാമസം നേരിട്ടത്. ഓരോ കേന്ദ്രത്തിനും 55 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം ആവശ്യപ്പെട്ട് കൃഷിവകുപ്പിന് കത്തയച്ചിരുന്നു. കഴിഞ്ഞ ബജറ്റില്‍ 40 ലക്ഷം വീതം മൂന്ന് കേന്ദ്രങ്ങള്‍ക്ക് അനുവദിച്ചിരുന്നു. ഈ തുക കഴിഞ്ഞ ദിവസം ലഭിച്ചതോടെ ലാബിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണസജ്ജമാകും. നിലവിലുള്ള ഒരു ശാസ്ത്രജ്ഞന് പുറമെ മൂന്ന് എംഎസ്‌സി ലാബ് ടെക്‌നീഷ്യന്‍മാരും രണ്ട് സാമ്പിള്‍ കലക്്‌ടേഴ്‌സിനെയുമാണ് നിയമിക്കുന്നത്. ഇവരെ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് പദ്ധതി. ഇത് സാധ്യമായാല്‍ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും പഴവും പച്ചക്കറികളും ശേഖരിച്ച്് കീടനാശിനികളുടെ അളവ് കണ്ടെത്താന്‍ സാധിക്കും.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും നിലവില്‍ പടന്നക്കാട്ടെ കാര്‍ഷിക കോളജിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. പുതിയതരം കീടനാശിനികളുടെ അംശം കണ്ടെത്താനുള്ള സംവിധാനം നിലവില്‍ ഇവിടെ ഇല്ല. ഇത് വെള്ളായനി കാര്‍ഷിക കോളജില്‍ മാത്രമാണുള്ളത്. ഈ സംവിധാനം കൂടി ഇവിടെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ഇത് അനുവദിക്കുന്നതോടുകൂടി പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it