Flash News

കീടനാശിനി കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കണം : മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്



തിരുവനന്തപുരം:  ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അത്തരം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ കര്‍ശനമായ നടപടികളിലൂടെ തടയണമെന്നും കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു. കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രഫനഫോസ്, മീതൈല്‍ പാരത്തിയോണ്‍ തുടങ്ങിയവയുടെ സാന്നിധ്യം 11 ഭക്ഷ്യ സാമ്പിളുകളില്‍ കണ്ടെത്തിയത്. മല്ലിയില, ഏലക്ക, വറ്റല്‍മുളക്, ജീരകം തുടങ്ങിയവയിലാണ് രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കൂടുതലായി കണ്ടത്. വെള്ളായണി കാര്‍ഷിക കോളജാണ് പരിശോധന നടത്തിയത്.ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കരുതെന്ന് പി മോഹനദാസ് ചൂണ്ടിക്കാണിച്ചു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ രോഗാതുരമായ ഒരു ജനസമൂഹമായിരിക്കും വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ ബാക്കിപത്രമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മാരക കീടനാശിനികള്‍ ചേര്‍ത്ത ഭക്ഷണ വസ്തുക്കളുടെ വിപണനം തടയുന്നതിനാവശ്യമായ നടപടികള്‍ സംബന്ധിച്ച് കമ്മീഷന്‍ കൃഷി വകുപ്പ് സെക്രട്ടറിയില്‍ നിന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണം.  കേസ് ജൂണില്‍ കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. ഭക്ഷ്യവസ്തുക്കളുടെ പരിശോധനാ ഫലം സംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Next Story

RELATED STORIES

Share it