thiruvananthapuram local

കിഴുവിലം പുളിത്തറയിലേക്കുള്ള റോഡ് നിര്‍മാണം വൈകുന്നു അധികൃതര്‍ക്കെതിരേ കോളനിവാസികള്‍

ചിറയിന്‍കീഴ്: കടയ്ക്കാവൂര്‍, കിഴുവിലം അതിര്‍ത്തി പ്രദേശമായ കിഴുവിലം താമരക്കുളം പുളിത്തറയിലേക്ക് റോഡ് നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുന്നതായി പരാതി. കാലങ്ങളായി പുളിത്തറ നിവാസികള്‍ ഉപയോഗിച്ചുവരുന്ന ഏക നടപ്പാത ഇപ്പോള്‍ ഉപയോഗ ശൂന്യമാണ്. കാടുമൂടി കിടക്കുന്ന ഈപാതവഴി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശം വയലായിരുന്നു. 35 ഓളംകുടുംബങ്ങള്‍ കുടിയിടപ്പ് അവകാശത്തിലൂടെയും ചിലകുടുംബങ്ങള്‍ പുരയിടം വാങ്ങി താമസിക്കുകയും ചെയ്തു. വയലിന് മധ്യത്തിലൂടെയുണ്ടായിരുന്ന നടവരമ്പില്‍ കൂടിയാണ് അന്ന് ജനങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. പിന്നീട് താമരക്കുളം ജങ്ഷനില്‍ നിന്നും ശ്രീചിത്ര പബ്ലിക് സ്‌കൂളിലേക്ക് റോഡ് നിര്‍മിച്ചു. എന്നാല്‍ പുളിത്തറയിലെ പട്ടികജാതിവര്‍ഗത്തില്‍പ്പെട്ടവരെ ആരും കണ്ടതായി നടിച്ചില്ല. മഴപെയ്താല്‍ ചിറയിന്‍കീഴ് ബസ്സ്റ്റാന്‍ഡിലേത് ഉള്‍പ്പെടെയുള്ള മലിനജലം മുഴുവന്‍ റെയില്‍വേ ഓടവഴി ഈ പ്രദേശത്താണെത്തുന്നത്. ചെറിയ മഴയത്തുപോലും ഈ പ്രദേശം വെള്ളക്കെട്ടിലാവും. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പുളിത്തറയ്ക്ക് സമീപ പ്രദേശങ്ങളില്‍ റോഡ് നിര്‍മിച്ചിട്ട് പോലും ഈ കോളനിയെ ഒഴിവാക്കുകയായിരുന്നു. കോളനിയില്‍നിന്നുള്ള ഇരുപത്തഞ്ചോളം വരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പോവുന്നത് ഇടുങ്ങിയ നടപ്പാതയിലൂടെയാണ്്. വെള്ളക്കെട്ടും ചളിയും നിറഞ്ഞ പാതയില്‍ പാമ്പുകളുടെയും ആഫ്രിക്കന്‍ ഒച്ചുകളുടെയും ശല്യം രൂക്ഷമാണ്. വളരെ ബുദ്ധിമുട്ടിയാണ് രോഗികളും വൃദ്ധരും മറ്റും കടന്നു പോവുന്നത്. റോഡില്‍നിന്നും പുളിത്തറ കോളനിവരെ നിലവിലുള്ള പാതയുടെ ഒരുഭാഗം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ്. ഇയാളാണ് റോഡ് നിര്‍മിക്കുന്നതിന് തടസം നില്‍ക്കുന്നത്. നടപ്പാതയില്‍ കൂടിയാണ് കോളനിയിലേക്കുള്ള ഇലക്ട്രിക്ക് പോസ്റ്റുകളും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈനും ടെലഫോണ്‍ കേബിളും കടന്നു പോവുന്നത്. ഇവിടെ പൊതുടാപ്പ് സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തി ഈ നടപ്പാതകൂടി സ്വന്തമാക്കാന്‍ ശ്രമംആരംഭിച്ചത് ചോദ്യം ചെയ്ത കോളനി നിവാസികളുടെ പേരില്‍ കേസ് നല്‍കിയത് വിവാദമായിരുന്നു. തങ്ങള്‍ക്കുണ്ടായ ഈ ദുര്‍വിധിയില്‍ പകച്ച് നില്‍ക്കുകയാണ് പുളിത്തറ നിവാസികള്‍.
Next Story

RELATED STORIES

Share it