wayanad local

കിഴങ്ങുവിള സംരക്ഷണം : ഷാജിയെ തേടി വീണ്ടും അംഗീകാരം



മാനന്തവാടി: കൃഷിയിടത്തിലും വനങ്ങളിലും അത്യപൂര്‍വമായി മാത്രം കണ്ടുവരുന്ന നൂറിലധികം കിഴങ്ങു വര്‍ഗങ്ങളെ സംരക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച യുവകര്‍ഷകന്‍ ആറാട്ടുതറ ഇളപ്പുപാറ എന്‍ എം ഷാജി  യെ തേടി വീണ്ടും അംഗീകാരം. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ 2017ലെ പുരസ്‌കാരമാണ് ഷാജിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. 22ന് തിരവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. കബനി നദിക്കരയില്‍ സ്വന്തം ഭൂമിയും പാട്ടത്തിനെടുത്ത ഭൂമിയും ഇന്നു കിഴങ്ങുകളുടെ കേദാരഭൂമികയായി ഷാജി മാറ്റിയെടുത്തു. പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കും കഠിനാധ്വാനത്തിനും ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതിയും ഷാജിയെ തേടിയെത്തിയിരുന്നു. ഒരു സെന്റ് സ്ഥലവും മനസ്സും ഉണ്ടെങ്കില്‍ ആര്‍ക്കും കൃഷിയില്‍ നിന്നു നൂറുമേനി വിളയിക്കാം- ഇതാണ് ഷാജിയുടെ ആപ്തവാക്യവും വരുംതലമുറയ്ക്കുള്ള പാഠവും. ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരെയും പോലെ ഷാജിയും ഒരു കുടിയേറ്റ കര്‍ഷകനാണ്. കാപ്പിയും കുരുമുളകും നന്നായി വിളയുന്ന ഷാജിയുടെ കൃഷിയിടം ജൈവ സമ്പുഷ്ടം. ആട്, കോഴി, പശു എന്നിവയെ വളര്‍ത്തി ആദായവും വളവും ഒരുപോലെ ഷാജിയുടെ കൃഷിയിടത്തെ സമ്പന്നമാക്കുന്നു. രാസവളങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ മണ്ണില്‍ എവിടെ ഇളക്കിയാലും പത്ത് മണ്ണിരയെ എങ്കിലും ലഭിക്കാതിരിക്കില്ല. ഈ മണ്ണിരകള്‍ തന്നെയാണ് തന്റെ കാര്‍ഷിക വിളകളുടെ ജീവവായുവും നിലനില്‍പ്പുമെന്നു ഷാജി പറയുന്നു. കപ്പയുടെ എട്ടിനം, ചേമ്പ് 24 ഇനം, ആറിനം ചേന എന്നിവയും 30ലധികം വ്യത്യസ്ത കാച്ചിലുകളുമാണ് 'കേദാരം' എന്നു ഷാജി പേരിട്ടിരിക്കുന്ന കിഴങ്ങുവിള സംരക്ഷണ കേന്ദ്രത്തിലുള്ളത്. നീണ്ടിക്കാച്ചില്‍, ക്വിന്റല്‍ കാച്ചില്‍, ഇറച്ചിക്കാച്ചില്‍, നീലക്കാച്ചില്‍, ചോരക്കാച്ചില്‍, കരിക്കാച്ചില്‍, കുറ്റിക്കാച്ചില്‍, തൂങ്ങന്‍ കാച്ചില്‍, ഗന്ധകശാലക്കാച്ചില്‍, ഇഞ്ചിക്കാച്ചില്‍, ഉണ്ടക്കാച്ചില്‍, മൊരട്ട്കാച്ചില്‍, വെള്ളക്കാച്ചില്‍, മാട്ട്കാച്ചില്‍, കടുവാക്കയ്യന്‍, പരിശക്കോടന്‍ തുടങ്ങിയ കാച്ചില്‍ ഇനങ്ങളാണ് 'കേദാര' ഭൂമിയില്‍ വര്‍ഷങ്ങളായി സംരക്ഷിച്ചു പോരുന്നത്. ആദിവാസികള്‍ ഭക്ഷണത്തിനായി പ്രധാനമായും ഉപയോഗിച്ചു വന്നതും വനങ്ങളില്‍ നിന്നു ശേഖരിച്ചിരുന്നതുമായ അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ് എന്നിവ അപൂര്‍വമായി ലഭിക്കുന്ന ഒരിടമാണ് കേദാരം. പല്ലുകളുടെയും എല്ലുകളുടെയും ബലത്തിന് ഉത്തമ ഔഷധമായാണ് ആദിവാസികള്‍ അരിക്കിഴങ്ങ് ഉപയോഗിക്കുന്നത്. പൊതുവെ മറ്റ് ഭക്ഷണ പദാര്‍ഥങ്ങളെ അപേക്ഷിച്ച് ശരീരത്തിന് രോഗപ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നവയാണ് കിഴങ്ങുകള്‍. ശ്വാസംമുട്ടലിന് ആദിവാസികള്‍ ഉപയോഗിക്കുന്ന കോതക്കിഴങ്ങും ഇരുള വിഭാഗത്തില്‍പെട്ട ആദിവാസികള്‍ വനത്തില്‍ നിന്നു ശേഖരിക്കുന്ന നോപ്പന്‍ കിഴങ്ങും ഷാജിയുടെ കൈവശമുണ്ട്. അടപൊതിയന്‍ കിഴങ്ങും അപൂര്‍വ ഇനമാണ്.  ച്യവനപ്രാശത്തില്‍ ഉപയോഗിക്കുന്ന ചെങ്ങഴനീര്‍ കിഴങ്ങാണ് മറ്റൊരു അപൂര്‍വ ഇനം. നീലക്കൂവ, കരിമഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, ഷുഗറിന് ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന വീയറ്റ്‌നാം പാവല്‍, എരിവ് കൂടിയ ഇനം കാന്താരിയായ മാലി മുളക്, മുല്ലമൊട്ട് കാന്താരി, കച്ചോലം, സുഗന്ധ ഇഞ്ചി, മാങ്ങ ഇഞ്ചി തുടങ്ങിയവയുടെ വിത്തും ഷാജി പരിപാലിച്ചുവരുന്നു. മാതാപിതാക്കളായ ഇളപ്പുപാറ ജോസും മേരിയും ഭാര്യ ജിജിയും സദാസമയവും ഷാജിയോടൊപ്പം കൃഷിയിടത്തിലുണ്ട്. മക്കളായ ഇമ്മാനുവലും ആന്‍ മരിയയും എല്ലാം കണ്ടുപഠിക്കുന്നു. പാലിയേറ്റീവ് കെയറിന്റെയും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെയും സജീവ പ്രവര്‍ത്തകന്‍കൂടിയാണ് ഷാജി.
Next Story

RELATED STORIES

Share it