Kollam Local

കിഴക്കന്‍ മേഖലയില്‍ വീണ്ടും കാട്ടാന ശല്യം

പുനലൂര്‍: കിഴക്കന്‍ മലയോരമേഖലയില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമായി. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പിറവന്തൂര്‍ പഞ്ചായത്തിലെ ചെരിപ്പിട്ടകാവ് ദേവീക്ഷേത്രമുറ്റത്തെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായ നാശം വരുത്തി.
ക്ഷേത്രത്തോട്‌ചേര്‍ന്ന് പണികഴിപ്പിച്ച നടപ്പന്തല്‍, ഓഫിസ് കെട്ടിടം അടക്കമുള്ളവ നശിപ്പിച്ചു.ഇതിനുശേഷം മുള്ളുമല ആദിമാസി കോളനിയില്‍ എത്തിയ കാട്ടാനകള്‍ വ്യാപകമായി കൃഷികളും നശിപ്പിച്ചു.
കമുക്, വാഴ, തെങ്ങ് അടക്കമുള്ളവ നശിപ്പിച്ച കാട്ടാനകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതുകണ്ട ആദിവാസി കുടുംബങ്ങള്‍ ഭയന്ന് പുറത്തിറങ്ങിയില്ല. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഭൂഉടമകള്‍ പറഞ്ഞു.ജില്ലയുടെ കിഴക്കന്‍മലയോരമേഖല കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നുവര്‍ഷമായി വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പുലി, കടുവ, കാട്ടുപന്നി അടക്കമുള്ളവ ജനവാസമേഖലയില്‍ വ്യാപകമായ നാശം വരുത്തുകയാണ്.
ചെരിപ്പിട്ടകാവിന് സമീപത്തെ കുമരംകുടിയില്‍ മൂന്നുമാസം മുമ്പ് ഇറങ്ങിയ കാട്ടാന എസ്എഫ്‌സികെയിലെ ജീവനക്കാരനായ സുഗതന കുത്തിക്കൊലപ്പെടുത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് തെന്മല പഞ്ചായത്തിലെ കുറവന്‍താവളത്തില്‍ ഇറങ്ങിയ കാട്ടാന ടാപ്പിങ് തൊഴിലാളി തുളസീധരനെയും കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിനുപുറമേ പുലി ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതും വ്യാപകമായി. ആനശല്ല്യം രൂക്ഷമായ തെന്മല ഫോറസ്റ്റ് റേഞ്ചിലെ ആനപ്പെട്ട കോങ്കലില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് ഒന്‍പത് ലക്ഷം രൂപ ചെലവഴിച്ച് സൗരോര്‍ജ്ജവേലി സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫിസര്‍ വേണു അറിയിച്ചു.
Next Story

RELATED STORIES

Share it