Kollam Local

കിഴക്കന്‍ മേഖലയില്‍ മഴ ശക്തം; രണ്ടുവീടുകള്‍ തകര്‍ന്നു



പത്തനാപുരം:കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുന്നു.രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. അന്‍പത് ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. ഇരുപതോളം വീടുകളില്‍ വെള്ളം കയറി. പാടം മേഖലയിലാണ് മഴ ഏറെ നാശം വിതച്ചത്. പാടം ഇരുട്ടുതറ സുനില്‍ ഭവനില്‍ സുരേന്ദ്രന്‍, ബിജുഭവനില്‍ ബിജു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. താമരശേരില്‍ വിലാസിനിയുടെ വീട് നിര്‍മാണത്തിനായി ഇറക്കിയിട്ടിരുന്ന സാമഗ്രികള്‍ ശക്തമായ മലവെള്ള പാച്ചിലില്‍ ഒഴുകിപ്പോയി. വ്യാപകമായ കൃഷിനാശവും ഉണ്ടായി. ഇരുട്ടുതറ ഏലായിലെ ബണ്ട് തകര്‍ന്നതാണ് കൃഷിനാശത്തിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിനും കാരണമായത്.അക്കു ഭവനില്‍ ഭാജീന്ദ്രന്‍,പുളിമൂട്ടില്‍ രാജു,ശാന്തവിലാസത്തില്‍ തങ്കപ്പന്‍ നായര്‍ എന്നിവരുടെ കൃഷിയാണ് അധികവും നശിച്ചത്. വാഴ,ചേന,ചേമ്പ്,മരച്ചീനി എന്നീ കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിച്ചു.റബര്‍ മരങ്ങള്‍ ഒടിഞ്ഞും,കടപുഴകിയും വീണു.ഏക്കറുകണക്കിന് ഭൂമിയിലെ കൃഷിയാണ് നശിച്ചത്. ഭൂമി പാട്ടത്തിനെടുത്തും,പലിശയ്ക്ക് പണമെടുത്തും കൃഷി ചെയ്യുന്നവരാണ് അധികവും. വന്യമൃഗശല്യം കൊണ്ട് പൊറുതി മുട്ടിയവര്‍ക്ക് മഴക്കെടുതി ഇരട്ടി ദുരന്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it