palakkad local

കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു

കൊഴിഞ്ഞാമ്പാറ: വേനല്‍ കനത്തതോടെ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, ചിറ്റൂര്‍, വടകരപ്പതി, വേലന്താവളം, തലേപ്പുള്ളി എന്നിവിടങ്ങളിലാണ് വീട്ടമ്മമാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കുഴല്‍ക്കിണറുകളില്‍ വെള്ളമില്ലാത്തതും പൊതുടാപ്പുകളില്‍ വെള്ളം വരാത്തതുമെല്ലാം മേഖലകളില്‍ കുടിവെള്ളത്തിനും മറ്റും ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടാണ്. ഇതിനു വടകരപ്പതിയിലെ 14ാം വാര്‍ഡിലെ ജലവിതരണം നടക്കുന്നതെന്നിരിക്കെ ഭക്ഷണം പാചകം ചെയ്യാനും കുടിക്കാനുമെല്ലാം വെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. വടകരപ്പതി പഞ്ചായത്തില്‍പ്പെട്ട ഭഗവതിപ്പാറ, അജ്ജലി തെരുവ് എന്നിവിടങ്ങളും കുടിവെള്ളത്തിനായി വീട്ടമ്മമാര്‍ കാനുകളും കുടങ്ങളും റോഡില്‍ നിരത്തിവച്ച് രാത്രികളില്‍പ്പോലും ഉറക്കമിളച്ചിരിക്കുന്ന സ്ഥിതിയാണ്. രാത്രി 10നും 12നുമിടയിലാണ് ലോറിവെള്ളം വരുമെന്നതിനാല്‍ ഉറക്കമിളച്ചിരിക്കുന്നവര്‍ക്ക് പകല്‍ ജോലിക്കുപോവാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. എന്നാല്‍ വെള്ളത്തിനായി കുടങ്ങളും മറ്റും വച്ചാലും ഉടമസ്ഥരില്ലെങ്കില്‍ ഇതില്‍ വെള്ളം നിറക്കാതെ പോവുന്ന സ്ഥിതിയാണ്. രണ്ടാഴ്ച മുമ്പ് മേഖലയില്‍ കുടിവെള്ളം ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മേനോന്‍പാറയില്‍ റോഡുപരോധമുള്‍പ്പടെയുള്ള സമരം നടത്തിയിരുന്നു. എന്നാല്‍ ചിറ്റൂര്‍ തഹസില്‍ദാര്‍, വടകര പഞ്ചായത്ത് പ്രസിഡന്റ്, മേനോന്‍പാറ വില്ലേജ് ഓഫിസര്‍, കൊഴിഞ്ഞാമ്പാറ പോലിസ് എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന മേഖലകളില്‍ കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ച് ഇതില്‍ ലോറി വെള്ളം നിറച്ച് ജലവിതരണം നടത്താമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പറഞ്ഞ ഉത്തരവുകളെല്ലാം കടലാസിലൊതുങ്ങുകയാണ്. വടകരപ്പതി പഞ്ചായത്തില്‍ കുടിവെള്ള കിയോസ്‌കുകള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കിലും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും കിഴക്കന്‍ മേഖലയില്‍ ജലവിതരണം നടത്തി കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാത്തിടത്തോളം വരുനാളുകളില്‍ വീണ്ടും പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it