World

കിഴക്കന്‍ ജറുസലേമില്‍ സംഘര്‍ഷം തുടരുന്നു

ജറുസലേം: അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാവുന്നു. കഴിഞ്ഞദിവസം കിഴക്കന്‍ ജറുസലേമിലെ അമൂനിഷന്‍ ഹില്ലില്‍ ഒരു ഇസ്രായേലി വിദ്യാര്‍ഥിക്കു കുത്തേറ്റു. 24 മണിക്കൂറിനിടെയുണ്ടാവുന്ന നാലാമത്തെ കത്തിക്കുത്താണിതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ വിദ്യാര്‍ഥിയെ കുത്തിയ 19കാരനായ ഫലസ്തീനിയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തു വരുകയാണ്. ബുധനാഴ്ച മേഖലയില്‍ മൂന്നു തവണ കത്തിക്കുത്ത് നടന്നിരുന്നു. 19കാരിയായ ശുറൂഖ് ദ്വെയാത് എന്ന ഫലസ്തീന്‍ വനിതയ്ക്കുനേരെ ഇസ്രായേലി യുവാവ് വെടിയുതിര്‍ത്തിരുന്നു.

തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആക്രമിയെ ദ്വെയാത് കത്തികൊണ്ടു കുത്തുകയായിരുന്നു.മറ്റൊരു സംഭവത്തില്‍ 20 വയസ്സുകാരനായ അംജാദ് ജുന്ദിയെ ഇസ്രായേല്‍ പോലിസ് വെടിവച്ചു കൊലപ്പെടുത്തി. ആയുധം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തതിനാലാണ് അംജാദിനെ കൊലപ്പെടുത്തിയതെന്നാണ് പോലിസ് ഭാഷ്യം. മധ്യ ഇസ്രായേല്‍ നഗരമായ പീറ്റ തിക്വയിലും ബുധനാഴ്ച ഒരു ഇസ്രായേലി പൗരന് കുത്തേറ്റിരുന്നു. സംഭവത്തില്‍ വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ നിന്നുള്ള ഫലസ്തീനി പൗരനെ ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തു. റാമല്ലയ്ക്കു സമീപം 350ഓളം ഫലസ്തീനികള്‍ കഴിഞ്ഞദിവസം ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇസ്രായേല്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ജറുസലേമിലെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it