World

കിഴക്കന്‍ ഗൂത്ത: സിറിയന്‍ സേന ആക്രമണം വീണ്ടും ശക്തമാക്കി

ദമസ്‌കസ്: കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സേന ആക്രമണം വീണ്ടും ശക്തമാക്കി. ഗൂത്തയിലെ കൂടുതല്‍ പ്രദേശങ്ങള്‍ സിറിയന്‍സേന പിടിച്ചടക്കിയതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകസംഘം അറിയിച്ചു. മേഖലയിലെ ഏറ്റവും വലിയ പട്ടണമായ മെര്‍സബയുടെ നിയന്ത്രണം വിമതരില്‍ നിന്ന് സിറിയന്‍ സൈന്യം പിടിച്ചടക്കി. പട്ടണത്തോടു ചേര്‍ന്നുള്ള കാര്‍ഷിക മേഖലകളിലേക്ക് സൈന്യം നീങ്ങിയതായും മനുഷ്യാവകാശ നിരീക്ഷകസംഘം വ്യക്തമാക്കി.
കിഴക്കന്‍ ഗൂത്തയില്‍ കഴിഞ്ഞ മാസം 25ന് ആരംഭിച്ച സൈനിക നടപടിക്കിടെ സിറിയന്‍ റഷ്യന്‍ സഖ്യസേനയുടെ ആക്രമണങ്ങളില്‍ 976 പേരാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മാത്രം 14 സ്ത്രീകളും 10 കുട്ടികളുമടക്കം 49 പേര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി അറിയിച്ചു.
കിഴക്കന്‍ ഗൂത്തയിലേക്ക് ഭക്ഷണമടക്കമുള്ള അത്യാവശ്യവസ്തുക്കളുമായി സന്നദ്ധ സംഘടനകളുടെ ട്രക്കുകള്‍ എത്തിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച സിറിയന്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 200ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ സ്ഥിതി അത്യന്തം അപകടകരമാണെന്നു യുഎന്‍ അധികൃതര്‍ അറിയിച്ചു. 13 ട്രക്കുകളാണ് വെള്ളിയാഴ്ച രാവിലെ ഭക്ഷണവും മരുന്നുകളുമായി കുഴക്കന്‍ ഗൂത്തയിലേക്കു പ്രവേശിച്ചത്. എന്നാല്‍, ഇതിനു പിന്നാലെ സിറിയന്‍ സൈന്യം ശക്തമായ ആക്രമണം നടത്തുകയായിരുന്നുവെന്നു സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ആക്രമണം തുടരുന്നതിനാല്‍ പ്രദേശത്തേക്കു ഭക്ഷണവും മരുന്നും എത്തിക്കുന്നതിനുള്ള സന്നദ്ധ സംഘടനകളുടെ ശ്രമം പരാജയപ്പെട്ടു.
സിറിയയിലെ സായുധ വിമത വിഭാഗമായ ജയ്‌ശെ അല്‍ ഇസ്‌ലാമിന്റെ പ്രവര്‍ത്തകര്‍ കിഴക്കന്‍ ഗൂത്തയില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ ആരംഭിച്ചതായി സിറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഘടനയുടെ 13 പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളുമാണ് ഒഴിഞ്ഞുപോവുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it