World

കിഴക്കന്‍ ഗൂത്തയിലേക്ക് സഹായങ്ങള്‍ എത്തിച്ചു തുടങ്ങി

ദമസ്‌കസ്: സിറിയന്‍ സൈന്യത്തിന്റെ കൂട്ടക്കുരുതിക്കിരയായ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയിലേക്കു സഹായങ്ങള്‍ എത്തിത്തുടങ്ങി. അടിയന്തര മാനുഷിക സഹായങ്ങളുമായി 46 ട്രക്കുകള്‍ ദൗമ അടക്കമുള്ള പ്രധാന നഗരങ്ങളിലെത്തിയതായി യുഎന്‍ സഹായ ഏജന്‍സികള്‍ അറിയിച്ചു.   എന്നാല്‍ ഗൂത്തയില്‍ സര്‍ക്കാര്‍ സൈന്യം ആക്രമണം തുടരുകയാണ്.
കിഴക്കന്‍ ഗൂത്തയില്‍ ഫെബ്രുവരി 18 മുതല്‍ അസദ് സര്‍ക്കാരിന്റെ സൈന്യം റഷ്യയുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തില്‍ 719 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതിനു ശേഷം ആദ്യമായാണ്് സന്നദ്ധ സംഘടനകള്‍ക്കു പ്രദേശത്തേക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വ്യോമാക്രമണത്തില്‍ മാത്രം 14 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചു. 5640 പേര്‍ക്കു പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
27500 പേര്‍ക്ക് ഭക്ഷണം അടക്കമുള്ള അടിയന്തര സഹായം എത്തിച്ചുകൊടുത്തതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചു. അതേസമയം, ഗൂത്തയില്‍ നിന്ന് ആയിരക്കണക്കിനു സിവിലിയന്‍മാര്‍ പലായനം തുടരുകയാണ്. യുഎന്‍ അടക്കം വിവിധ ലോകശക്തികള്‍ ശക്തമായ താക്കീതു നല്‍കിയിട്ടും ഗൂത്തയില്‍ ആക്രമണം തുടരുമെന്നു സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ആവര്‍ത്തിച്ചു.
കിഴക്കന്‍ ഗൂത്തയുടെ നാലിലൊരു ഭാഗം സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തതായി  സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. അല്‍ നാഷാബിയ്യ, ഉതായ ജില്ലകളടക്കം നിരവധി കേന്ദ്രങ്ങള്‍ വിമതരില്‍ നിന്നു പിടിച്ചടക്കിയതായി ഔദ്യോഗിക മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു.മാനുഷിക പരിഗണന നല്‍കി രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നു റഷ്യ അസദ് സൈന്യത്തോട് നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it