Alappuzha local

കിളിയംവേലി തോട്ടില്‍ പായല്‍ നിറഞ്ഞ് ഗതാഗതം നിലച്ചു

എടത്വാ: ജനജീവിതം ദുരിതത്തിലാക്കി കിളിയംവേലി തോട്ടില്‍ പായല്‍ നിറഞ്ഞ് ഗതാഗതം നിലച്ചു. എടത്വാ പഞ്ചായത്തിലെ ചങ്ങംങ്കരി-തായങ്കരി പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ജലഗതാഗത മാര്‍ഗമാണ് ഇതോടെ അടഞ്ഞത്. പോളയും പായലും മാലിന്യവും നിറഞ്ഞ് തോട് ഉപയോഗശൂന്യമായി തീര്‍ന്നു.
ബോട്ടുകളും, ചെറുവള്ളങ്ങളും സുലഭമായി സഞ്ചരിച്ചിരുന്ന ഈ തോട്ടില്‍ പോളതിങ്ങിയതോടെ കിളിയംവേലി പാടത്ത് കാര്‍ഷിക ഉത്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയാതെ കര്‍ഷകര്‍ നട്ടം തിരിയുകയാണ്. വിളവെടുപ്പോടെ പാടത്തെ നെല്ല് വള്ളത്തില്‍ കയറ്റി റോഡില്‍ എത്തിച്ചു നല്‍കണം. ചെറുവള്ളങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത തരത്തില്‍ തോട് അടഞ്ഞതോടെ കഴിഞ്ഞ വിളവെടുപ്പ് സമയത്ത് നെല്ലെടുപ്പ് വൈകിയിരുന്നു. കഴിഞ്ഞതവണത്തേക്കാള്‍ ദുരിതമാണ് ഇത്തവണ കര്‍ഷകര്‍ നേരിടുന്നത്. ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത് ഉള്‍നാടന്‍ മത്സ്യതൊഴിലാളികളും, ചെറുവള്ളങ്ങളില്‍ സ്റ്റേഷനറി സാധനങ്ങള്‍ കച്ചവടം നടത്തുന്നവരുമാണ്. കരവാഹനങ്ങള്‍ കടന്ന്‌ചെല്ലാത്ത ഉള്‍പ്രദേശങ്ങളിലെ താമസക്കാരുടെ ഏകാശ്രയമാണ് നിലച്ചത്. ജലമലിനീകരണം മൂലം പ്രദേശത്ത് ജലജന്യരോഗങ്ങളും പടര്‍ന്ന് പിടിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് മുന്‍കാലങ്ങളില്‍ പായല്‍ നീക്കം ചെയ്തിരുന്നത്. പദ്ധതി നിലച്ചതോടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയാതെ ജനം നട്ടംതിരിയുന്നു.
Next Story

RELATED STORIES

Share it