thrissur local

കിലയുടെ ദേശീയ സമ്മേളനം തലസ്ഥാനത്ത്

മുളംകുന്നത്തുകാവ്: പഞ്ചായത്ത് രാജ് ബില്‍ നിയമമായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ട സാഹചര്യത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തെ നേട്ടങ്ങളും പോരായ്മകളും വിശകലനം ചെയ്യുന്നതിനു പഞ്ചായത്ത് രാജിന്റെ കാല്‍നൂറ്റാണ്ട് വിഷയത്തില്‍ കില സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ദേശീയ സമ്മേളനം 24നു തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ തുടങ്ങും.
തദ്ദേശസ്വംയംഭരണ മന്ത്രി ഡോ. കെ ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മുന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് മുഖ്യാതിഥിയായിരിക്കും. കാല്‍ നൂറ്റാണ്ടിലെ പഞ്ചായത്ത് രാജ് വിഷയത്തില്‍ മുന്‍ മന്ത്രി എം എ ബേബി, മുന്‍ കേന്ദ്ര ഗ്രാമവികസനവകുപ്പു സെക്രട്ടറി ഡോ.മീനാക്ഷി സുന്ദരം, മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് എന്നിവര്‍ വിഷയങ്ങളവതരിപ്പിക്കും.
ആദ്യത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന മണി ശങ്കര്‍ അയ്യരും സംബന്ധിക്കും. കേരളത്തിന്റെ പഞ്ചായത്ത് രാജിന്റെ അനുഭവങ്ങളെക്കുറിച്ചുളള സെഷനില്‍ ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ.വി കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.
ആസൂത്രണബോര്‍ഡ് അംഗം ഡോ. കെ എന്‍ ഹരിലാല്‍ മുഖ്യപ്രഭാ—ഷണം നടത്തും. തുടര്‍ന്ന് ഫിനാന്‍സ് കമ്മീഷന്‍, കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളും പഞ്ചായത്തും, പഞ്ചായത്തീരാജും സ്ത്രീ ശാക്തീകരണവും, വിവിധ സംസ്ഥാനങ്ങളിലെ പഞ്ചായത്തിരാജ് അനുഭവങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകളുണ്ടായിരിക്കും.
രണ്ടാംദിവസം ചേരുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി ഡോ. കെ ടി ജലീല്‍ അദ്ധ്യക്ഷത വഹിക്കും.  മന്ത്രി ഡോ.തോമസ് ഐസക്, മണിശങ്കര്‍ അയ്യര്‍, കുട്ടി അഹമ്മദ് കുട്ടി, എസ് എം വിജയാനന്ദ്, ഡോ. ജോര്‍ജ് മാത്യു, ഡോ. കെ എന്‍ ഹരിലാല്‍ സംസാരിക്കും.
Next Story

RELATED STORIES

Share it