കിരീട നേട്ടത്തോടെ മക്കല്ലം പടിയിറങ്ങി

ഹാമില്‍റ്റണ്‍: കിരീടനേട്ടത്തോടെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മക്കല്ലം അന്തരാഷ്ട്ര ക്രിക്കറ്റിനോട് വിടചൊല്ലി. ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിന് കിരീടം നേടിക്കൊടുത്താണ് ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്.
ഓസീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-1നാണ് ആതിഥേയരായ കിവീസ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ 55 റണ്‍സിന്റെ ജയമാണ് കിവീസ് ആഘോഷിച്ചത്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ട്വന്റിയില്‍ നിന്നും 34 കാരനായ താരം വിരമിച്ചിരുന്നു. 260 ഏകദിനങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറിയും 32 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 6,083 റണ്‍സ് താരം കിവീസിനു വേണ്ടി നേടിയിട്ടുണ്ട്.
കിവീസ് ജഴ്‌സിയിലെ അവസാന മല്‍സരത്തില്‍ 27 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 47 റണ്‍സ് നേടാന്‍ താരത്തിന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 45.3 ഓവറില്‍ 246 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുപടിയില്‍ 43.4 ഓവറില്‍ 191 റണ്‍സിന് ഓസീസിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. കിവീസിനായി രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ വംശജന്‍ ഇന്ദര്‍ബിര്‍ സിങ് സോധിയാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it