Pathanamthitta local

കിരീടം പത്തനംതിട്ടയ്ക്ക്

പത്തനംതിട്ട: റവന്യൂ ജില്ലാ കായികമേളയില്‍ പത്തനംതിട്ട ഉപജില്ലയ്ക്ക് ചരിത്ര നേട്ടം. സ്‌കൂള്‍ അടിസ്ഥാനത്തിലെ ഓവറോള്‍ ചാംപ്യന്‍ഷിപ്പിനുള്ള പോരാട്ടത്തില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സിനെ പിന്തള്ളി ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം തവണയും കീരീടം നിലനിര്‍ത്തി. പരിമിതികളുടെ ട്രാക്കില്‍ ശരവേഗ പ്രകടനങ്ങള്‍ കാഴ്ച്ചവച്ചാണ് കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചയായി കായിക കിരീടത്തില്‍ മുത്തമിട്ടിരുന്ന പുല്ലാട് ഉപജില്ലയെ പിന്തള്ളി ആതിഥേയരായ പത്തനംതിട്ട റവന്യൂ ജില്ലാ കായികമേളയില്‍ ഒന്നാമതെത്തിയത്. അതും ഒരു പതിറ്റാണ്ടിന് ശേഷം. ഉപജില്ലാ അടിസ്ഥാനത്തില്‍ പത്തനംതിട്ട 176 പോയിറ്റുമായാണ് മുന്നിലെത്തിയത്. 20 സ്വര്‍ണവും 20 വെള്ളിയും 10 വെങ്കലവുമാണ് പത്തനംതിട്ട നേടിയത്. കഴിഞ്ഞ രണ്ട് ദിവസവും രണ്ടാം സ്ഥാനത്തായിരുന്ന പുല്ലാട് ഉപജില്ല 123 പോയിന്റുമായി സ്ഥാനം നിലനിര്‍ത്തി. 13 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലുമാണ് പുല്ലാട് കരസ്ഥമാക്കിയിട്ടുള്ളത്. ഒമ്പത് സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവും നേടിയ വെണ്ണിക്കുളവും 97 പോയിന്റുമായി മൂന്നാം സ്ഥാനവും നിലനിര്‍ത്തി. 10 സ്വര്‍ണവും എട്ട് വെള്ളിയും 11 വെങ്കലവും നേടി തിരുവല്ല 93 പോയിറ്റും എട്ടു സ്വര്‍ണവും എട്ട് വെള്ളിയും 14 വെങ്കലവുമായി 82 പോയിറ്റുമായി റാന്നിയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുല്ലാട് സബ്ജില്ലയിലെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസാണ് സ്‌കൂളുകളില്‍ മുന്നിലുളളത്. ഒമ്പത് സ്വര്‍ണവും നാലു വീതം വെള്ളിയും വെങ്കലവും നേടിയ സെന്റ് ജോണ്‍സിന് 61 പോയിന്റ് ലഭിച്ചു. അഞ്ച് സ്വര്‍ണവും എട്ട്് വെള്ളിയും ഒമ്പത് വെങ്കലവുമായി 58 പോയിന്റുമായി വെണ്ണിക്കുളം സബ് ജില്ലയിലെ സെന്റ് ബഹനാന്‍സ് എച്ച്. എസ്. എസ് രണ്ടാം സ്ഥാനത്തും പത്തനംതിട്ട സബ് ജില്ലയിലെ സീതത്തോട് കെആര്‍പിഎംഎച്ച്എസ്എസ് നാലു സ്വര്‍ണം, ഒമ്പത് വെള്ളി, രണ്ട് വെങ്കലം നേടി 44 പോയിന്റുമായി മുന്നാം സ്ഥാനവും കരസ്ഥമാക്കി. മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(34), ആങ്ങമൂഴി എസ്—എ—വി—എച്ച്—എസ്—എസ് (30)സ്‌കൂളുകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. മറ്റ് ഉപജില്ലകളുടെ പോയിന്റു നില: കോന്നി 78, അടൂര്‍ 77, ആറന്‍മുള 32, മല്ലപ്പള്ളി 22, കോഴഞ്ചേരി 15, പന്തളം 11. സമാപന സമ്മേളനം കെ ശിവദാസന്‍ നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, നഗരസഭാ അധ്യക്ഷ രജനി പ്രദീപ്, സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ അംഗം സന്തോഷ് കൊച്ചുപറമ്പില്‍, ഡിഡിഇയുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് അസി. ജോസ് വി ചെറിയാന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സലിം പി ചാക്കോ, ജയിംസ് പി ജെ, ബിനു കെ സാം, സജി അലക്‌സാണ്ടര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എ സുരേഷ്‌കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it