Flash News

കിരീടം നിലനിര്‍ത്താന്‍ ജര്‍മന്‍ പട

കിരീടം നിലനിര്‍ത്താന്‍ ജര്‍മന്‍ പട
X



ജലീല്‍ വടകര

ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍പട്ടം തുടര്‍ച്ചയായ രണ്ടാം തവണയും നാട്ടിലെത്തിക്കാനുള്ള തത്രപ്പാടിലാണ് നിലവിലെ ലോക ഒന്നാം നമ്പര്‍ ടീമായ ജര്‍മനി. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന്റെ സെമിയില്‍ ആതിഥേയരെ ഏഴുഗോളുകള്‍ക്ക് മുട്ടുകുത്തിച്ച ജര്‍മനി  എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലില്‍ അര്‍ജന്റീനയെ മരിയോ ഗോഡ്‌സെയുടെ ഏകഗോളിന്റെ പിന്‍ബലത്തില്‍ പരാജയപ്പെടുത്തിയാണ് തങ്ങളുടെ നാലാം കിരീടം ചൂടിയത്.
ഗ്രൂപ്പ് എഫിലെ€ പ്രാഥമിക ഘട്ടത്തില്‍ ദക്ഷിണ കൊറിയയും സ്വീഡനും മെക്‌സിക്കോയുമാണ് ജര്‍മനിയുടെ എതിരാളികള്‍. അതുകൊണ്ട് തന്നെ ജര്‍മന്‍ ആരാധകര്‍ക്ക് ആഹ്ലാദിക്കാനുള്ള വാര്‍ത്തകള്‍ മോസ്‌കോയില്‍ നിന്ന് വരുമെന്നുറപ്പ്. ഗ്രൂപ്പില്‍ നിലവിലെ ചാംപ്യന്‍മാരെ അട്ടിമറിച്ച് മുന്നേറാനുള്ള കെല്‍പ് എതിര്‍ ടീമിനുണ്ടെങ്കിലും ജര്‍മനിയെ മറികടന്ന് ഗ്രൂപ്പ് ചാംപ്യന്‍മാരായി രണ്ടാം റൗണ്ടിലേക്ക് മുന്നേറാന്‍ നന്നേ പാടുപെടേണ്ടി വരും. 2014ല്‍ ജര്‍മനിയെ കിരീടത്തിലേക്ക് നയിച്ച കോച്ച് ജൊക്കിം ലോയുടെ ശിക്ഷണത്തിലിറങ്ങിയ ജര്‍മനി സൗഹൃദ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടും ഫ്രാന്‍സിനോടും സ്‌പെയ്‌നിനോടും സമനില പാലിച്ചെങ്കിലും അവസാന മല്‍സരത്തില്‍ ബ്രസീലിനോട് 1-0 ന്റെ തോല്‍വിയും നേരിട്ടു.ഒരു യുവ ടീമിനെ തന്നെ അണിനിരത്തിയാണ് അവര്‍ കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയത്.  എന്നാല്‍ കോച്ച് ജോക്കിം ലോ അടുത്ത മാസം നാലിന് 23 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ കഴിഞ്ഞ ലോകകപ്പ് കിരീടം നേടിക്കൊടുത്ത മാനുവല്‍ ന്യൂയറിനെ ചിലപ്പോള്‍ പുറത്തിരുത്തിയേക്കാം. കാരണം, കഴിഞ്ഞ സെപ്തംബര്‍ മുതല്‍ വിടാതെ പിടികൂടിയ പരിക്കാണ് താരത്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നത്. സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ ജെറോം ബോട്ടെങ്, മാറ്റ് ഹമ്മന്‍സ്, മധ്യനിരയിലെ ത്രികങ്ങളായ മെസൂദ് ഓസില്‍, ടോണി ക്രൂസ്, സാമി ഖെദീര, മുന്‍ നിരയിലെ മുള്ളര്‍ എന്നിവര്‍ക്ക് എട്ടു വര്‍ഷം ഒന്നിച്ചു കളിച്ചതിന്റെ അപാര ഐക്യമുണ്ട്. ഫിലിപ് ലാമിന് പകരമെത്തിയ ജോഷ്വോ കിമ്മിച്ചും തകര്‍പ്പന്‍ ഫോമിലാണ്. തിമോ വെര്‍ണരും ആക്രമണം മെനയാന്‍ പോന്ന താരമാണ്.
19 തവണ ലോകകപ്പ് പടവുകളില്‍ കാലെടുത്തു വച്ച ജര്‍മന്‍ നിര എട്ട് തവണ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ 1954ലും 1974ലും 1990ലും 2014ലുമാണ് കിരീടം ചൂടിയത്. 1934ലെ ഇറ്റാലിയന്‍ ലോകകപ്പിലാണ് ജര്‍മനി ആദ്യമായി കന്നി ലോകകപ്പിലിറങ്ങുന്നത്. അന്ന് മൂന്നാം സ്ഥാനവുമായാണ് ടീമിന്റെ മടക്കം. പിന്നീട് കരുത്തുറ്റ നിരയുമായി 1954ലെ സ്വിറ്റ്‌സര്‍ലന്‍ഡ് ലോകപ്പിലിറങ്ങി ആദ്യമായി ഫൈനലില്‍ പ്രവേശിച്ച ജര്‍മനി ഹെല്‍മുട്ട് റെഹ്‌നിന്റെ ഇരട്ടഗോള്‍ മികവില്‍ ഹംഗറിയെ പരാജയപ്പെടുത്തി ആദ്യ ലോകകപ്പ് കിരീടം ഉയര്‍ത്തുകയായിരുന്നു. പിന്നീട് 1966ലെ ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടുമായി മല്ലയുദ്ധത്തിലേര്‍പ്പെട്ട ജര്‍മനിക്ക് സാധാരണ സമയം അവസാനിക്കുമ്പോള്‍ 2-2ന്റെ സമനില ലഭിച്ചു. എന്നാല്‍ എക്‌സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍ വര്‍ഷിച്ച് ഇംഗ്ലണ്ടിന് മുന്നില്‍ ജര്‍മനി തകര്‍ന്നടിഞ്ഞു. അന്ന് ഹാട്രിക് ഗോളോടെ ഇംഗ്ലണ്ടിനെ തോളിലേറ്റിയ ജിയോഫ് ഹര്‍ട്‌സിന്റെ തകര്‍പ്പന് ഫോമാണ് ജര്‍മനിക്ക് രണ്ടാം കിരീടം നിഷേധിച്ചത്. പിന്നീട് അടുത്ത ലോകകപ്പ് നടന്ന മെക്‌സിക്കോയില്‍ ടീമിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വീണ്ടും ലോകകപ്പ് മോഹവുമായി സ്വന്തം മൈതാനത്ത് ഫ്രാന്‍സ് ബെക്കെന്‍ബെറിന്റെ നായകത്വത്തില്‍ ബൂട്ടുകെട്ടിയ ജര്‍മനി ഫൈനലില്‍ ഗെര്‍ഡ് മുള്ളറിന്റെ ഗോള്‍ മികവില്‍ ഹോളണ്ടിനെ 2-1ന് തകര്‍ത്ത് തങ്ങളുടെ രണ്ടാം കിരീടം സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു.  1978ലെ അര്‍ജന്റീനന്‍ ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട ജര്‍മനി കൂടുതല്‍ കരുത്തോടെയാണ് 1982ലെ സ്പാനിഷ് ലോകകപ്പിലിറങ്ങിയത്. അന്നും ഫൈനലില്‍ നിലയുറപ്പിച്ച ജര്‍മനിക്ക് ഇറ്റലിയോട് 3-1ന് പരാജയപ്പെടാനായിരുന്നു വിധി. പക്ഷേ ജര്‍മനിക്ക് വേണ്ടി ഏകഗോള്‍ കണ്ടെത്തിയ പോള്‍ ബ്രെയ്തര്‍, രണ്ട് ലോകകപ്പിന്റെ ഫൈനലിലും ഗോള്‍ കണ്ടെത്തുന്ന ആദ്യ താരമായി മാറി.
ശേഷം 1986ലെ ലോകകപ്പിലും പതിവുപോലെ ഫൈനല്‍ പ്രവേശനം ഗംഭീരമാക്കിയ ജര്‍മനിക്ക് പക്ഷേ ഇവിടെ അര്‍ജന്റീനയുടെ മുന്നിലും കാലിടറി. കളി തീരാന്‍ ആറു മിനിറ്റ് ബാക്കി നില്‍ക്കേ ജോര്‍ഗി ബുറാച്ചാഗയുടെ ഗോള്‍ മികവില്‍ 3-2നാണ് ജര്‍മനി കിരീടം മറഡോണയുടെ നായകത്വത്തിലുള്ള അര്‍ജന്റീനയ്ക്ക് അടിയറവ് വച്ചത്. എന്നാല്‍ അടുത്ത ലോകകപ്പിലെ ഫൈനലില്‍ കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കി നില്‍ക്കേ ആന്ദ്രിയാസ് ബ്രെമ്മിയുടെ പെനല്‍റ്റി കിക്കില്‍ അര്‍ജന്റീനയെ 1-0 ന് പരാജയപ്പെടുത്തി കിരീടം ചൂടി ജര്‍മനി മധുരപ്രതികാരം ചെയ്തത്. പിന്നീടുള്ള രണ്ട് ലോകകപ്പിലും ക്വാര്‍ട്ടറില്‍ പോരാട്ടം അവസാനിച്ച ജര്‍മനി 2002ലാണ് ഉയിര്‍ത്തെഴുന്നേറ്റത്. ഏഷ്യന്‍ വന്‍കര ആദ്യമായി ആതിഥേയത്വം വഹിച്ച അന്നത്തെ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ വീണ്ടും ജര്‍മനിക്ക് പരാജയപ്പെടേണ്ടി വന്നു. പിന്നീട് 2006ലും 2010ലും മൂന്നാം സ്ഥാനം അലങ്കരിച്ച ജര്‍മനി 2014ലെ ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് തിരിച്ചു വരവ് നടത്തിയത്.
2014ലെ ലോകകപ്പില്‍ ഗോള്‍ഡന്‍ബൂട്ടോടെ ജര്‍മനിയുടെ സ്റ്റാര്‍ സ്‌ട്രൈക്കറായ തോമസ് മുള്ളറിലേക്കാണ് രാജ്യത്തിന്റെ കൂടുതല്‍ ശ്രദ്ധ. ഈ ലോകകപ്പിലും ഒരിക്കല്‍ കൂടി മുള്ളര്‍ ഈ നേട്ടം ആവര്‍ത്തിച്ചാല്‍ അതൊരു നാഴികക്കല്ല് കൂടിയാവും.  റഷ്യന്‍ ലോകകപ്പില്‍ സൂപ്പര്‍ താരം തോമസ് മുള്ളര്‍ മൂന്നുഗോള്‍ കൂടി അക്കൗണ്ടിലാക്കിയാല്‍ ബ്രസീല്‍ ഇതിഹാസം പെലെയുടെ ഗോള്‍ നേട്ടം താരം മറികടക്കും. 2010 ലെ കന്നി ലോകകപ്പിലും 2014ല്‍ ജര്‍മനി കിരീടം നേടിയപ്പോഴും അഞ്ച് ഗോളുകളടിച്ച് ടീമിന്റെ നട്ടെല്ലായിരുന്നു മുള്ളര്‍.
Next Story

RELATED STORIES

Share it