കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ അടച്ചു

തൃശൂര്‍: കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ അടച്ചുപൂട്ടി. ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെസ്‌കൂള്‍ പൂട്ടാനെത്തിയ എഇഒ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടുന്ന പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് എരുമപ്പെട്ടി എസ്‌ഐ ഡി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയശേഷം താഴിട്ടു പൂട്ടിയിരുന്ന ഓഫിസ് തുറന്ന് രേഖകള്‍ പിടിച്ചെടുത്താണ് സ്‌കൂള്‍ പൂട്ടിയത്.
മെയ് 25ന് സുപ്രിംകോടതിയുടെ ഉത്തരവു പ്രകാരം സ്‌കൂള്‍ രേഖകള്‍ കൈപ്പറ്റി സ്‌കൂള്‍ സീല്‍ചെയ്യുന്നതിനായി എഇഒയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തിയിരുന്നു. നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടര്‍ന്ന് ഓഫിസ് വാതിലില്‍ നോട്ടിസ് പതിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയില്ലെന്ന് നല്‍കിയ ഉറപ്പിനു പിന്നാലെയാണ് കിരാലൂര്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കിരാലൂരിലെ 4 ഹരിജന്‍ കോളനിയിലെ കുട്ടികള്‍ക്ക് ഏക ആശ്രയമായ സ്‌കൂള്‍ അടച്ചുപൂട്ടിയതിനു പിന്നിലെ മാനേജ്‌മെന്റിന്റെ ഗൂഢതന്ത്രങ്ങള്‍ വിദ്യാഭ്യാസമന്ത്രി മനസ്സിലാക്കി സ്‌കൂളിനനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും പ്രതീക്ഷ.
Next Story

RELATED STORIES

Share it