Articles

കിരാലൂര്‍ ഗ്രാമത്തില്‍ കുഞ്ഞുക്കുട്ടനവര്‍കള്‍

വെട്ടും തിരുത്തും - പി എ എം ഹനീഫ്
മാടമ്പ് കുഞ്ഞുക്കുട്ടന്‍ എന്ന മലയാള നോവലിസ്റ്റിനെ, തിരക്കഥാകൃത്തിനെ, സിനിമാനടനെ കേരളത്തിനു നല്ല പരിചയമാണ്. കാരണം, പി ടി കുഞ്ഞുമുഹമ്മദ് അമലാനഗറില്‍ പ്രജാപുരി എന്ന കൂട്ടായ്മ കൊണ്ടുനടക്കുന്ന കാലംതൊട്ടേ കുഞ്ഞുക്കുട്ടന്‍ കുടിയും തീനും സാഹിത്യചര്‍ച്ചകളുമായി അവിടെ സ്ഥിരമായിരുന്നു. തൃശൂര്‍ ജില്ലയിലെ കിരാലൂരിലാണ് കുഞ്ഞുക്കുട്ടന്റെ ജന്മഗേഹം. ഞാന്‍ അവിടെ പോയിട്ടുണ്ട്. ഇല്ലത്തെ പൊളിഞ്ഞു നിലംപൊത്താറായ അടുക്കളയില്‍ ഇരുന്നു കട്ടത്തൈരും ഉപ്പിലിട്ടതും കൂട്ടി ഉച്ചയൂണ് ആസ്വദിച്ചു കഴിച്ചിട്ടുണ്ട്. ഊണ്‍മേശയ്ക്കരികിലിരുന്ന് വിളമ്പിത്തന്ന കുഞ്ഞുക്കുട്ടനെ, ആ തെളിവാര്‍ന്ന മുഖപ്രസാദം എനിക്ക് നല്ല തെളിഞ്ഞ സ്മരണ.
കെ ആര്‍ നാരായണന്‍ ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലത്തില്‍ മല്‍സരിക്കുമ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കു വേണ്ടി- ലെനിന്‍ രാജേന്ദ്രന്‍- ഞാനും കുഞ്ഞുക്കുട്ടനും അരികന്നിയൂര്‍ ജങ്ഷനില്‍ പ്രസംഗിച്ചിട്ടുണ്ട്. ബിജെപി അന്നിത്ര വേതാളരൂപം പൂണ്ടിരുന്നില്ല. കുഞ്ഞുക്കുട്ടന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കു വേണ്ടി സംസാരിച്ചതും അരികന്നിയൂര്‍ കുഞ്ഞുമുഹമ്മദ് ഭവനത്തില്‍ ഞങ്ങള്‍ വിഭവസമൃദ്ധമായി ഭക്ഷണം കഴിച്ചു പിരിഞ്ഞതും നല്ല ഓര്‍മ.
കുഞ്ഞുക്കുട്ടന്റെ 'ഭ്രഷ്ട്' നോവല്‍ കെ ആര്‍ മോഹനന്‍ എന്ന സാധു മനുഷ്യന്‍ സംവിധാനം ചെയ്തപ്പോള്‍ കാശുമുടക്കിയതും ആദ്യമായി കുഞ്ഞുക്കുട്ടന്‍ അഭ്രപാളിയിലെത്തിയതും കുഞ്ഞുമുഹമ്മദിന്റെ കാശ് സ്വീകരിച്ചുകൊണ്ടാണ്. സ്വാമിയാര്‍ മഠത്തിലേക്ക് ആണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യല്‍- ഹിന്ദു സന്ന്യാസിമാരുടെ എണ്ണം കൂട്ടുന്ന പ്രക്രിയ- മുഖ്യ പ്രമേയമായ ദേശാടനം സിനിമ തികച്ചും പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ഒന്നാണ്. ആര്‍ക് ലൈറ്റുകളുടെ മഹാപ്രകാശമില്ലാതെ പകല്‍വെളിച്ചത്തില്‍ ചിത്രീകരിച്ച ഒരു ശരാശരി സിനിമ. കൈതപ്രത്തിന്റെ മനോഹര ഗാനങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ കുഞ്ഞുക്കുട്ടന്റെ ആ തിരക്കഥ തനി തിരിച്ചുനടത്തമായിരുന്നു. സിനിമയില്‍ കുഞ്ഞുക്കുട്ടന്‍ പോത്തന്‍വാവ അടക്കം പലതിലും മുഖംകാട്ടിയത് മുസ്‌ലിം കാശുകാരുടെ ഔദാര്യം സ്വീകരിച്ചുകൊണ്ടാണ്. കുഞ്ഞുക്കുട്ടന്റെ ഈ മുസ്‌ലിം ബന്ധങ്ങള്‍ വിശദീകരിക്കാന്‍ കാരണമുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി കുഞ്ഞുക്കുട്ടന്‍ സമൂഹമാധ്യമങ്ങളില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരേ ഒരുതരം തീവണ്ടി കുളിമുറി സാഹിത്യം എഴുതിവിടുന്നു. ഹിന്ദു വിശ്വ മാഗസിനിലാണ് കുഞ്ഞുക്കുട്ടന്റെ വിഷംചീറ്റല്‍. ഇപ്പോഴും ഹിന്ദു വിശ്വ മാഗസിന്‍ പത്രാധിപസമിതിയിലാരോ എഴുതി കുഞ്ഞുക്കുട്ടന്റെ പേര് അതിന് ക്രെഡിറ്റ് നല്‍കി എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.
''പ്രേമം, തുടര്‍ന്നുണ്ടാവുന്ന വിവാഹം, തനിക്കു ലഭിക്കുമെന്നു വാഗ്ദാനം ചെയ്യപ്പെട്ട സമ്പത്ത്, സ്ഥാനമാനങ്ങള്‍ ഇതൊക്കെയാണ് മതംമാറ്റത്തിനു കാരണമായി വര്‍ത്തിക്കുന്നത്'' എന്ന് കുഞ്ഞുക്കുട്ടന്‍ നവീന തിസീസ് അവതരിപ്പിക്കുന്നു. എഴുതിത്തുടങ്ങിയ കാലംതൊട്ടേ നസ്രാണികളില്‍ നല്ല വിശ്വാസിയും മുസ്‌ലിം ബാന്ധവങ്ങളിലൂടെ മരണം വരെ പുസ്തകപ്രസാധനവും മദ്യക്കച്ചവടവും ഒടുവില്‍ അലൂമിനിയം പാത്രങ്ങളും വിറ്റ കറന്റ് തോമാച്ചന്റെ ഔദാര്യത്തിലാണ് കുഞ്ഞുക്കുട്ടന്റെ ആദ്യകാല ഗ്രന്ഥങ്ങളൊക്കെ വെളിച്ചംകണ്ടത്. ഇന്നിപ്പോള്‍ സാമൂഹിക സേവന രംഗത്ത് സദ്‌പേരുള്ള ഷീബ അമീറിന്റെ ബാപ്പ ബെസ്റ്റ് പ്രിന്റേഴ്‌സ് റഹീമാണ് കുഞ്ഞുക്കുട്ടനെ കറന്റ് തോമസുമായി ബന്ധപ്പെടുത്തിയതും ഇത്തിരിയെങ്കില്‍ ഇത്തിരി റോയല്‍റ്റി യഥാസമയം വാങ്ങിനല്‍കിയതും.
''എനിക്കിപ്പോള്‍ മുസ്‌ലിം എന്നു കേട്ടാല്‍ തന്നെ ഭയമാണ്. അവര്‍ തല്ലിക്കൊല്ലുമെന്ന പേടിയല്ല. മറിച്ച് അങ്ങനെ മരിക്കേണ്ടിവന്നാലത്തെ നാണക്കേടോര്‍ത്തുകൊണ്ടാണ്. അതുകൊണ്ട് മുസ്‌ലിംകള്‍ കുടിയിരിക്കുന്ന ഭാഗങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോവുന്നു. വായിക്കുക... ചിന്തിക്കുക...''
ഇതു കുഞ്ഞുക്കുട്ടന്‍ തന്നെയോ! ഗുരുവായൂരും ചാവക്കാട്ടും വടക്കേക്കാടുമുള്ള മുസ്‌ലിം തറവാടുകളില്‍ നിന്ന് നാളുകളായി ഭക്ഷണവും പോക്കറ്റ് മണിയും അരികന്നിയൂരിലെ 'കാട്ടുഞാവല്‍പ്പഴങ്ങള്‍' പ്രൊഡ്യൂസ് ചെയ്ത കുഞ്ഞുമുഹമ്മദിന്റെ ഏറെ ഔദാര്യങ്ങളും ചോദിച്ചുവാങ്ങിയ മനുഷ്യന്‍. ഇന്നിപ്പോള്‍ ഒരുളുപ്പുമില്ലാതെ ചോദിക്കുന്നു: ''ദലിത് യുവതിയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഒരു മുസ്‌ലിം യുവാവുമില്ലത്രേ.''
എത്രയോ മുസ്‌ലിം ചെറുപ്പക്കാര്‍ ദലിത് യുവതികളെ വിവാഹം കഴിച്ചിട്ടുണ്ട്. ''കേരളം ഇപ്പോള്‍ ദിനംപ്രതി മുസ്‌ലിം ഭൂരിപക്ഷമാവാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു.'' ഞാന്‍ അന്വേഷിച്ചു. ഹിന്ദു വിശ്വയിലെഴുതിയ ലേഖനത്തിന് ഒരു സോദ്ദേശ്യമുണ്ട്. കുഞ്ഞുക്കുട്ടന് മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഒരു 15 ലക്ഷം സംഘടിപ്പിക്കാനാണ്. സംഘടിപ്പിച്ചോളൂ, അതിന് മുസ്‌ലിംകളുടെ ചെവി കടിച്ചുപറിക്കണോ? കിരാലൂരിലെ ബാപ്പുക്കയും മാനൂട്ടിയുമൊക്കെ കുഞ്ഞുക്കുട്ടന്റെ വീരസ്യങ്ങള്‍ വായിച്ച് കൈ ശിരസ്സിലടിച്ചിട്ടുണ്ടാവും. എന്തൊക്കെ ജന്മങ്ങളാണു തമ്പുരാനേ...                                       ി
Next Story

RELATED STORIES

Share it