palakkad local

കിന്‍ഫ്ര പാര്‍ക്കിന് മലമ്പുഴ വെള്ളം; സര്‍ക്കാര്‍ പിന്തിരിയണം

പാലക്കാട്: വ്യവസായിക ആവശ്യങ്ങള്‍ക്കായി മലമ്പുഴ അണക്കെട്ടില്‍നിന്ന് കിന്‍ഫ്ര പാര്‍ക്കിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ദേശീയ കര്‍ഷക സമാജം ആവശ്യപ്പെട്ടു.  സ്ഥലം എംഎല്‍എ വി എസ് അച്യുതാനന്ദനും ജില്ലാ വികസനസമിതി യോഗത്തില്‍ മറ്റ് എംഎല്‍എമാരും കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയെ രൂക്ഷമായി എതിര്‍ത്തിരുന്നു. വ്യവസായ പാര്‍ക്കിലേക്ക് മലമ്പുഴയില്‍ നിന്ന് വെള്ളം നല്‍കുന്നത് കുടിവെള്ള പ്രശ്‌നം രൂക്ഷമാക്കും. എന്നാല്‍, എതിര്‍പ്പ് മറികടന്ന് വ്യവസായ പാര്‍ക്കിലേക്ക് വെള്ളം കൊണ്ടുപോവാനുള്ള പൈപ്പ് കൊല്‍ക്കത്തയില്‍നിന്ന് എത്തിച്ചിരിക്കുകയാണ്. 23 ലോഡ് പൈപ്പ് കഞ്ചിക്കോട് കിന്‍ഫ്രക്ക് സമീപം പാണംപുള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ധരാത്രിയില്‍ ഇറക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ യന്ത്രസഹായത്തോടെയാണ് കൂറ്റന്‍ പൈപ്പ് ഇറക്കുന്നത്. മലമ്പുഴ വെള്ളം വ്യാവസായി ക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ദേശീയ കര്‍ഷക സമാജം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ എ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, സി എസ് ഭഗവല്‍ദാസ്, പി സി ശിവനാരയണന്‍, കെ പി പ്രദീപ് കുമാര്‍ സംസാരിച്ചു. മലമ്പുഴ അണക്കെട്ടില്‍നിന്ന് ഒരു നഗരസഭയിലേക്കും ആറ് പഞ്ചായത്തുകളിലേക്കും കുടിവെള്ളം കൊണ്ടുപോകുന്നുണ്ട്. പുറമെ ഹെക്ടര്‍കണക്കിന് കൃഷിക്കും വെള്ളം കൊണ്ടുപോകുന്നുണ്ട്. വ്യാവസായികാവശ്യത്തിന് വെള്ളം കൊണ്ടുപോയാല്‍ കുടിവെള്ളവിതരണത്തെയും കൃഷിയെയും ബാധിക്കുമെന്നതാണ് പദ്ധതിയെ എതിര്‍ക്കാനുള്ള പ്രധാനകാരണം.
Next Story

RELATED STORIES

Share it