Editorial

കിണറ്റിന്‍കരയില്‍ ചെങ്കൊടി നാട്ടും മുമ്പ്

കൊല്‍ക്കത്തയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി പ്ലീനത്തിന്റെ രണ്ടാം ദിവസം കരടു സംഘടനാ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്, പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ സാമ്പത്തിക സമത്വത്തിനും സാമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ മുഖ്യഘടകങ്ങളായിരിക്കും എന്നാണ്. സാമൂഹിക അസമത്വങ്ങള്‍ക്കെതിരേയുള്ള സമരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം, രാജ്യത്ത് എവിടെ ദലിതര്‍ക്ക് പൊതുകിണറ്റിലെ ജലം ജാതിവിവേചനത്തിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നുവോ അവിടെയൊക്കെയും ചെങ്കൊടി ഉയരണമെന്നും ആവശ്യപ്പെട്ടു.

മുന്‍കാലത്ത് എവിടെയൊക്കെ ചൂഷകവര്‍ഗങ്ങള്‍ തൊഴിലാളിവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കെതിരേ നിലകൊണ്ടുവോ അവിടെയൊക്കെ ചെങ്കൊടി ഉയര്‍ത്തുന്നതില്‍ പാര്‍ട്ടി വിജയിക്കുകയുണ്ടായി. സാമ്പത്തിക അസമത്വത്തിനും ചൂഷണത്തിനും എതിരായ സമരങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സുപ്രധാനമായ നേതൃത്വം വഹിക്കുകയുണ്ടായെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. അത്തരം നീക്കങ്ങള്‍ സാമൂഹിക അസമത്വങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരായി രാജ്യത്തെങ്ങും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരണം എന്നാണ് പുതിയ ജനറല്‍ സെക്രട്ടറി പാര്‍ട്ടിയണികളെ ആഹ്വാനം ചെയ്തത്. തീര്‍ത്തും സ്വാഗതാര്‍ഹമായ കാര്യം തന്നെ. പക്ഷേ, എന്തുകൊണ്ടാണ് പാര്‍ട്ടി അവശസമുദായങ്ങളുടെ കാര്യത്തില്‍ പിറകിലായിപ്പോയതെന്ന ഒരു പുനഃപരിശോധന കൂടി ഇത്തരുണത്തില്‍ നല്ലതാണ്. അത്തരമൊരു പരിശോധന നടത്തിയാല്‍ ഭാവിയില്‍ വീണ്ടുമൊരു തെറ്റു തിരുത്തല്‍ പ്ലീനം കൂടി നടത്തുന്ന ബാധ്യതയില്‍ നിന്നു പാര്‍ട്ടിക്ക് ഒഴിവാകാന്‍ കഴിഞ്ഞേക്കും.

ഇന്ത്യയിലെ ന്യൂനപക്ഷ-കീഴാള വിഭാഗങ്ങളുടെ മുന്നണിപ്പോരാളിയാവാന്‍ തയ്യാറെടുക്കുന്ന പാര്‍ട്ടി മുന്‍കാലത്ത് ഈ വിഭാഗങ്ങളുടെ സാമൂഹികമായ അവശതകളുടെ യഥാര്‍ഥ പ്രശ്‌നം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കു പുറമേ ജാതീയവും മതപരവുമായ പീഡനങ്ങളും അവര്‍ നേരിടുന്നുണ്ട്. അതിനെതിരേ ഈ വിഭാഗങ്ങള്‍ സ്വത്വപരമായ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടേതായ പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുത്തപ്പോള്‍ അവയെ തകര്‍ക്കുന്നതിനും അത്തരം നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്കെതിരേ തീവ്രമായ പ്രചാരവേല നടത്തുന്നതിലും മുന്നില്‍ നിന്ന പാര്‍ട്ടിയാണ് സിപിഎം. മുസ്‌ലിം നവസാമൂഹിക പ്രസ്ഥാനങ്ങളോടും ഡിഎച്ച്ആര്‍എം പോലുള്ള ദലിത് പ്രസ്ഥാനങ്ങളോടും സി കെ ജാനുവിന്റെയും മറ്റും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ആദിവാസി പ്രസ്ഥാനങ്ങളോടും സിപിഎം സ്വീകരിച്ച സമീപനം തികഞ്ഞ ശത്രുതയുടേതായിരുന്നു. മുന്‍കാലത്ത് എന്‍എസ്എസും എസ്എന്‍ഡിപി യോഗവും അതത് സമുദായങ്ങളുടെ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്ന പാര്‍ട്ടി, കീഴാളവിഭാഗങ്ങളുടെ ഈ പുതിയ ശാക്തീകരണശ്രമങ്ങളെ സംശയത്തോടെയും ശത്രുതാഭാവത്തോടെയുമാണ് നോക്കിക്കണ്ടത്. അവയുമായി യോജിക്കാവുന്ന ഇടങ്ങളില്‍ യോജിക്കുന്നതിനു പകരം അവയെ തകര്‍ക്കാനാണ് ശ്രമിച്ചത്. ചെങ്കൊടിയുമായി കിണറ്റിന്‍കരയിലേക്കു പായുന്ന വേളയില്‍ ഇതൊക്കെയൊന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതുതന്നെ.
Next Story

RELATED STORIES

Share it