ernakulam local

കിണറുകളുടെ നിലവാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കും

കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരിച്ച കിണറുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നാളെ തുടക്കം കുറിക്കും. ക്ലോറിനേറ്റ് ചെയ്ത കിണറുകളിലെ വെള്ളത്തിന്റെ നിലവാരമാണ് പരിശോധിക്കുക. കിണറുകളിലെ കുടിവെള്ള നിലവാരം പരിശോധിക്കുന്നതിന് പ്രത്യേക കര്‍മ പദ്ധതിയാണ് ബോര്‍ഡ് നടപ്പാക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായവും പരിശോധന കിറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കും. ഹരിത കേരള മിഷന്‍, വാട്ടര്‍ അതോറിറ്റി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ജില്ലയില്‍ പറവൂര്‍ നഗരസഭ, കാലടി ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിലെ പരിശോധന. ശുചീകരിച്ച കിണറുകളുടെ വിവരങ്ങള്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ഇതിനായി രൂപീകരിച്ച മൊബൈല്‍ ആപ്പില്‍ പരിശോധനാഫലമായി രേഖപ്പെടുത്തും. കൂടാതെ സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്റോള്‍മെന്റ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഉള്ള വെബ്‌പോര്‍ട്ടലിലും പ്രസിദ്ധീകരിക്കും. പരിശോധനാഫലം പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥതരെയും അറിയിക്കും. കര്‍മ്മ പദ്ധതിയുടെ ഭാഗമായി മൂന്ന് വാട്ടര്‍ ടെസ്റ്റിങ് ഫീല്‍ഡ് കിറ്റ് പരിശോധനകളാണ് നടത്തുക.ഒരു കിറ്റ് ഉപയോഗിച്ച് 200 കിണറുകള്‍ പരിശോധിക്കാം. രണ്ടാമത്തെ കിറ്റ് ഉപയോഗിച്ച് ക്ലോറൈഡ്, ഫഌറൈഡ്, അവശിഷ്ട ക്ലോറിന്‍ എന്നിവ പരിശോധിക്കും. മൂന്നാമത്തെ കിറ്റ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധിക്കുന്നിനുള്ളതാണ്. ഒരു കിറ്റ് ഉപയോഗിച്ച് 25 കിണറുകള്‍ പരിശോധിക്കാന്‍ സാധിക്കും. ഫീല്‍ഡ് തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ചുമതല എറണാകുളം മേഖലാ ഓഫിസ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ക്കാണ്.

Next Story

RELATED STORIES

Share it