Pathanamthitta local

കിണറുകളില്‍ ജലമില്ല: കോട്ടാങ്ങല്‍ കുടിവെള്ള ക്ഷാമത്തിന്റെ പിടിയില്‍

ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തും പരിസര പ്രദേശങ്ങളും കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയില്‍. ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ വാട്ടര്‍ അതോറിറ്റിയുടെ വിതരണ പൈപ്പുകളിലൂടെ എത്തുന്ന വെള്ളത്തിനായി കാത്തിരിക്കുകയാണ്. മണലില്ലാതെ ചെളി നിറഞ്ഞ് മണിമലയാറിന്റെ അടിത്തട്ട് താണതാണ് അടുത്തുള്ള കിണറുകള്‍ വേനലെത്തും മുമ്പേ വരളാന്‍ ഒരു കാരണം.
വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണം പഞ്ചായത്ത് മുഴുവന്‍ എത്തുന്നില്ല. ഉയര്‍ന്ന സ്ഥലങ്ങളില്‍ രണ്ട് ആഴ്ചയില്‍ ഒരിക്കലാണ് കുഴല്‍വെള്ളം കിട്ടുക. മണിമലയാറ്റിലെ വായ്പൂര് പുത്തൂര്‍പ്പടിക്കല്‍ പമ്പില്‍ നിന്നാണ് മലമ്പാറ ടാങ്കില്‍ വെള്ളമെത്തിക്കുന്നത്. ഇവിടെനിന്ന് കുന്നനോലിമലയിലെ സംഭരണിയിലേക്ക് പമ്പ് ചെയ്യും. തുടര്‍ന്ന് പൈപ്പുകളിലൂടെ വിതരണം ചെയ്യും. 15 ദിവസം കൂടുമ്പോഴാണ് പലയിടത്തും വെള്ളം ലഭിക്കുന്നതെന്ന് പരാതിയുണ്ട്. വഞ്ചികപ്പാറ, നിര്‍മ്മലപുരം, കഠിക്കാവ്, ചുങ്കപ്പാറ, കല്ലന്‍മാക്കല്‍, കോട്ടാങ്ങല്‍ എന്നിവിടങ്ങളിലാണ് പ്രശ്‌നമേറെയും. കുന്നനോലി ടാങ്ക് പൂര്‍ണമായി നിറഞ്ഞതിനുശേഷം തുറന്നുവിട്ടാല്‍ മാത്രമേ വഞ്ചികപ്പാറയിലൊക്കെ ജലമെത്തുകയുള്ളൂ.
എന്നാല്‍ പലപ്പോഴും ടാങ്ക് പകുതിയാകുമ്പോഴേ പ്രധാന പൈപ്പ് തുറുന്നു വിടുന്നതിനാല്‍ വഞ്ചികപ്പാറയില്‍ പൈപ്പിലെ ചൂളംവിളിയാണ് കേള്‍ക്കാറെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വൈദ്യുതിമുടക്കവും വോള്‍ട്ടേജ് ക്ഷാമവും നാട്ടുകാരുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. കരുവള്ളിക്കാട് മലമുകളില്‍ ടാങ്ക് നിര്‍മ്മിച്ചാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കിട്ടുമെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ചുങ്കപ്പാറ, കിടികെട്ടിപ്പാറ അടക്കം ചില ചെറുകിട ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനവും വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് വേണ്ട പ്രയോജനം ചെയ്യുന്നില്ല.
Next Story

RELATED STORIES

Share it