Flash News

കിട്ടാക്കടക്കാരുടെ പുതിയ ലിസ്റ്റ് ഉടനില്ല: ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത 12 വന്‍കിടക്കാരുടെ കൈയില്‍ നിന്നു പണം തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങിയതിനു പിന്നാലെ തിരിച്ചടയ്ക്കാനുള്ളവരുടെ പുതിയ ലിസ്റ്റ് ഉടന്‍ തയ്യാറാക്കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നിലവില്‍ ഈ 12 കേസുകള്‍ മാത്രമാണ് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്‌സി കോഡിന്റെ(ഐബിസി) അടിസ്ഥാനത്തില്‍ തിരിച്ചുപിടിക്കാന്‍ നോക്കുന്നതെന്നും ബാക്കിയുള്ള കിട്ടാക്കടക്കാരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആറുമാസത്തെ സമയമുണ്ടെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്‍ദ്ര പറഞ്ഞു. 12 വന്‍കിടക്കാരില്‍ നിന്നു കിട്ടാനുള്ള 1,75,000 കോടി രൂപയോളം തിരിച്ചുപിടിക്കാനാണ് റിസര്‍വ് ബാങ്ക് നീക്കംതുടങ്ങിയിരിക്കുന്നത്. തിരിച്ചുകിട്ടാനുള്ള ആകെ  വായ്പയുടെ 25 ശതമാനമാണിത്. എന്നാല്‍ ഇതാരൊക്കെയാണെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. 5000 കോടിയോളമാണ് ഇതിലെ ഓരോ കോര്‍പറേറ്റ് കമ്പനിയും തിരിച്ചടയ്ക്കാനുള്ളത്. നിലവില്‍ 700000 കോടിയാണ് ബാങ്കുകളുടെ ആകെ കിട്ടാക്കടം. ഇവരുടെ കാര്യത്തില്‍ മാത്രമാണു തല്‍ക്കാലം ശ്രദ്ധിക്കുന്നതെന്നും മറ്റുള്ള കടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു സമയമായിട്ടില്ലെന്നും മുന്‍ദ്ര പറഞ്ഞു. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ബാങ്കേഴ്‌സ് ബോറോവേഴ്‌സ് ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍. 5000 രൂപയ്ക്കു മുകളില്‍ കടബാധ്യതയുള്ള എല്ലാ കമ്പനികളുടെയും പണമുള്ളതും ഇല്ലാത്തതുമായ എല്ലാ അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഐബിസിയുടെ അടിസ്ഥാനത്തിലുള്ള റിസര്‍വ് ബാങ്ക് സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 12 കമ്പനികളുടെ അക്കൗണ്ടുകള്‍ ഈ ഗണത്തില്‍പ്പെടുത്തി. കേസ് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ മുമ്പിലെത്തിക്കുന്നതാണ് അടുത്തപടി. ഇതോടെ 180 ദിവസത്തിനുള്ളില്‍  ഏതുവിധേനയും കടം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിയും.
Next Story

RELATED STORIES

Share it