kozhikode local

കിടപ്പാടം നഷ്ടപ്പെടുമെന്ന പേടിയില്‍ കട്ടിപ്പാറ ദ്വീപ് നിവാസികള്‍

താമരശ്ശേരി: അരനൂറ്റാണ്ടിലധികം കാലം കൈവശം വെച്ചുപോന്ന ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കട്ടിപ്പാറ ദീപ് നിവാസികള്‍. കുടുംബ സ്വത്തായി ലഭിച്ചതോ പണംകൊടുത്തുവാങ്ങിയതോ ആയ ഭൂമി റവന്യൂവകുപ്പിന്റെ വാശിയില്‍ നഷ്ടപ്പെടുമെന്നാണ് 12ഓളം കുടുംബങ്ങള്‍ ഭയക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഭൂനികുതിയടച്ചുപോന്ന ഈ കുടുംബങ്ങള്‍ 2014-15 വര്‍ഷത്തെ നികുതിയടക്കാന്‍ ചെന്നപ്പോഴാണ് ഭൂമിക്കു മേലെയുള്ള പ്രശ്‌നം മനസിലാക്കുന്നത്. ഭൂനികുതി സ്വീകരിക്കാന്‍ വ്ില്ലേജ് ഓഫിസര്‍ തയ്യാറാവാതെ ഇത് പുറമ്പോക്ക് ഭൂമിയാണെന്നറിയിക്കുകയായിരുന്നു. ഇത്രയും കാലം കൈവശം വെച്ചുപോന്നതും എല്ലാ നികുതിയും അടച്ചുവരുന്നതുമായ ഭൂമി ഒറ്റ ദിവസംകൊണ്ട് എങ്ങിനെ പുറമ്പോക്കായി മാറി എന്നതാണ് ഈ കുടുംബങ്ങള്‍ക്കറിയാത്തത്.
പത്തും പതിനഞ്ചു സെന്റില്‍ കൂര വെച്ചു താമസിക്കുന്ന ഈ നിര്‍ധനര്‍ ഇനിയെന്തെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍കുന്നു. സംഭവമറിഞ്ഞു ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം പ്രദേശ വാസികളെ കണ്ടുവിവരങ്ങള്‍ മനസ്സിലാക്കി കലക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കുടുംബങ്ങളെ കാണാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ദീപ് നിവാസികള്‍ ഇപ്പോള്‍ ജീവിതം തള്ളി നീക്കുന്നത്.
Next Story

RELATED STORIES

Share it