Kottayam Local

കിടങ്ങൂരില്‍ കന്നി വിജയം നേടാനായി ഇരുമുന്നണികളും

കിടങ്ങൂര്‍: പുതുതായി രൂപീകരിച്ച ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ കന്നി വിജയം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫും യുഡിഎഫും. ഏറ്റുമാനൂര്‍ ഗ്രാമഞ്ചായത്ത് നരഗസഭയായി മാറിയതോടെയാണു കിടങ്ങൂര്‍ എന്ന പേരില്‍ പുതിയ ഡിവിഷന്‍ രൂപീകരിക്കപ്പെട്ടത്.
കടുത്തുരുത്തി, പാലാ, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളിലായി പരന്നു കിടക്കുന്ന ഡിവിഷനാണ് കിടങ്ങൂര്‍. കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, അകലക്കുന്നം പഞ്ചായത്തുകളും എലിക്കുളം പഞ്ചായത്തിലെ ചില പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു കിടങ്ങൂര്‍ ഡിവിഷന്‍. അഞ്ചു പഞ്ചായത്തുകളും നിലവില്‍ ഭരിക്കുന്നതു യുഡിഎഫാണ്. അതുകൊണ്ടു തന്നെ വിജയം തങ്ങള്‍ക്കൊപ്പമാണെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ ഡിവിഷനില്‍ വിജയം നേടുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. എസ്എന്‍ഡിപി പിന്തുണയുള്ള സാഹചര്യത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയുമെന്ന അവകാശവാദത്തോടെ ബിജെപിയും രംഗത്തുണ്ട്.
ഇല്ലാതായ ഏറ്റുമാനൂര്‍ കേരളാ കോണ്‍ഗ്രസ് എമ്മി കൈവശമായിരുന്നതിനാല്‍ പുതുതായി രൂപീകരിക്കപ്പെട്ട കിടങ്ങൂര്‍ യുഡിഎഫ് കേരളാ കോ ണ്‍ഗ്രസ് എമ്മിനു തന്നെയാണു നല്‍കിയത്. കേരളാ കോ ണ്‍ഗ്രസ് (എം) വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ബെറ്റി റോയിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, രണ്ടു തവണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞിരമറ്റം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഒരു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള ബെറ്റിയിലൂടെ പുതിയ മണ്ഡലം പിടിച്ചെടുക്കാമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു.
സിപിഐയ്ക്കാണ് എല്‍ഡിഎഫ് പുതിയ ഡിവിഷനായ കിടങ്ങൂര്‍ നല്‍കിയിരിക്കുന്നത്. മുന്‍ജില്ലാ പഞ്ചായത്തംഗംവും സിപിഐ നേതാവുമായ ബിജു കൈപ്പാറേടന്റെ ഭാര്യയായ സിസിലി കൈപ്പാറേടനാണു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മഹിളാസംഘം സംഘാടകയാണു സിസിലി.
യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റായ മിനി നന്ദകുമാറാണു ബിജെപി സ്ഥാനാര്‍ഥി. യുവമോര്‍ച്ചാ സംസ്ഥാന വനിതാ സെല്‍ കണ്‍വീനറായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകയായിരുന്ന മിനി മുന്‍ കായിക താരവുമാണ്.
Next Story

RELATED STORIES

Share it