Flash News

കിം-ട്രംപ് ചര്‍ച്ച ഇന്ന്‌

സിംഗപ്പൂര്‍ സിറ്റി: ലോകം കാത്തിരിക്കുന്ന, നൂറ്റാണ്ടിലെ ഏറ്റവും സങ്കീര്‍ണമായ നയതന്ത്ര ചര്‍ച്ച ഇന്ന്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ ഇന്നു രാവിലെ പ്രാദേശികസമയം 9നാണ് (ഇന്ത്യന്‍ സമയം രാവിലെ 6.30) സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തുന്നത്.
ഉത്തരകൊറിയയുടെ ആണവ നിരായുധീകരണമായിരിക്കും മുഖ്യ അജണ്ട. ഒപ്പം, ശാശ്വത സമാധാനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ ബന്ധമെന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ഉച്ചകോടിയെ വിശേഷിപ്പിക്കുന്നത്. കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ചാനലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍  ഇന്നലെ പ്രാഥമികതല ചര്‍ച്ച നടത്തിയിരുന്നു. വിവര്‍ത്തകരുടെ സാന്നിധ്യത്തിലായിരിക്കും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. ഇന്നു വൈകുന്നേരം തന്നെ ട്രംപ് സിംഗപ്പൂര്‍ വിടുകയും ചെയ്യും.
സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറായാല്‍ പകരമായി അവര്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കുമെന്നതാണ് യുഎസിന്റെ വാഗ്ദാനം.  കൂടിക്കാഴ്ചയെക്കുറിച്ച് ഇരുനേതാക്കളും പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് ഇരുവരെയും സന്ദര്‍ശിച്ച സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.  സമ്പൂര്‍ണവും പിന്‍വലിക്കാനോ റദ്ദുചെയ്യാനോ ആവാത്തതുമായ ആണവ നിരായുധീകരണം എന്നതില്‍ക്കുറഞ്ഞ ഒരു ധാരണയ്ക്കും ട്രംപ് തയ്യാറാവില്ലെന്നു യുഎസ് നയതന്ത്ര പ്രതിനിധി മൈക്ക് പോംപിയോ വ്യക്തമാക്കി. അതുവരെ ഉത്തരകൊറിയക്കെതിരേയുള്ള സാമ്പത്തിക ഉപരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിമ്മുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്ന് ട്രംപും വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ ഭരണാധികാരിയും മുഖാമുഖം ചര്‍ച്ച നടത്തുന്നത്. ട്രംപുമായി മുമ്പ് കൂടിക്കാഴ്ച നടത്തിയ കിം യോങ് ചോല്‍, ചീഫ് ഓഫ് സ്റ്റാഫ് കിം ചാങ് സണ്‍, വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ വിദേശകാര്യ ചുമതലയുള്ള റി സു യോങ്, വിദേശകാര്യമന്ത്രി റി യോങ് ഹൊ എന്നിവരാണ് കൊറിയന്‍ സംഘത്തിലെ പ്രമുഖര്‍. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉന്നതതലസംഘമാണ് ട്രംപിനൊപ്പമുള്ളത്.
Next Story

RELATED STORIES

Share it