Flash News

കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് യുവതികള്‍ കോടതിയില്‍



ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് കേസിലെ പ്രതികളായ യുവതികള്‍ കോടതിയില്‍. ഇന്തോനീസ്യന്‍ സ്വദേശി സിതി ആയ്ഷാ (25), വിയറ്റ്‌നാം സ്വദേശി ദോവന്‍ തി ഹുവോങ് (28) എന്നിവരെയാണ്് ഇന്നലെ മലേസ്യന്‍ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയത്. ഈവര്‍ഷം ഫെബ്രുവരി 13നായിരുന്നു ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കിം ജോങ് നാമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഎക്‌സ് എന്ന രാസവസ്തു ഉപയോഗിച്ചാണ് കൊലപാതകമെന്നു കണ്ടെത്തിയിരുന്നു. യുഎന്നിന്റെ നിരോധന പട്ടികയിലുള്‍പ്പെട്ട രാസവസ്തുവായ വിഎക്‌സ് ഏജന്റ് കിം ജോങ് നാമിന്റെ മുഖത്ത് പുരട്ടുകയായിരുന്നു. കേസില്‍ നാല് ഉത്തര കൊറിയന്‍ സ്വദേശികളും പ്രതികളാണ്. ഇവരെ കണ്ടെത്തുന്നതിനായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതകത്തില്‍ പങ്കുള്ളതായി പറയുന്ന ഉത്തര കൊറിയന്‍ സ്വദേശികളുടെ പേരുകള്‍ പരസ്യപ്പെടുത്തണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ അഭ്യര്‍ഥിച്ചെങ്കിലും ജഡ്ജി അസ്മി അരിഫിന്‍ ആവശ്യം തള്ളി. കുറ്റം തെളിയിക്കപ്പെട്ടാല്‍ യുവതികള്‍ക്ക് വധശിക്ഷവരെ ലഭിക്കാന്‍ സാധ്യതയുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ഭാഗമായി കിം ജോങ് നാമിന്റെ മുഖത്ത്് രാസവസ്തു പുരട്ടുകയായിരുന്നെന്നും ഇത് മരണകാരണമാവുമെന്ന് അറിഞ്ഞിരുന്നില്ലെന്നും യുവതികളുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, കൊലപാതകം ലക്ഷ്യമിട്ടായിരുന്നു യുവതികളുടെ പ്രവൃത്തിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തന്നെ പോലിസ് സ്‌റ്റേഷനിലെത്തിക്കാന്‍ മരിക്കുന്നതിന് മുമ്പ് കിം ജോങ് നാം ആവശ്യപ്പെട്ടതായി വിമാനത്താവള ജീവനക്കാരി ജൂലിയാന ഇദ്‌രിസ് കോടതിയില്‍ മൊഴി നല്‍കി. ഇംഗ്ലീഷില്‍ സംസാരിച്ച ആ മനുഷ്യന്‍ തന്നെ ഒരു സ്ത്രീ പിറകില്‍ നിന്ന് ആക്രമിച്ചതായും മറ്റൊരാള്‍ പിറകില്‍നിന്നു കണ്ണുപൊത്തിയതായും പറഞ്ഞു. അദ്ദേഹത്തിന്റെ കൈകള്‍ അപ്പോള്‍ വിറക്കുന്നുണ്ടായിരുന്നു. പിന്നീട് വിമാനത്താവളത്തിലെ ക്ലിനിക്കില്‍ എത്തിയ കിം 20 മിനിറ്റിനുള്ളില്‍ മരിക്കുകയായിരുന്നെന്നും ജൂലിയാന ഇദ്‌രിസ് പറഞ്ഞു. ഇദ്‌രിസ് കിം ജോങ് നാമിനെ തന്റെ പക്കല്‍ എത്തിച്ചതായി അന്ന് വിമാനത്താവളത്തില്‍ ചുമതലയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ലാന്‍സ് കോര്‍പറല്‍ മുഹമ്മദ് സുല്‍കര്‍നൈന്‍ സാനുദ്ദീന്‍ മൊഴി നമല്‍കി. മുഖത്ത് എന്തോ പുരട്ടിയതായി കിം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവന്നിരുന്നു. മുഖത്ത് എന്തോ ദ്രാവകം ശ്രദ്ധയില്‍പെട്ടതായും സാനുദ്ദീന്‍ പറഞ്ഞു. കിം ജോങ് നാമിന്റെ രാജ്യം ദക്ഷിണ കൊറിയയെന്ന് തെറ്റായി താന്‍ രേഖപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. പാസ്‌പോര്‍ട്ടില്‍ ഡിപിആര്‍ (ഡെമോക്രാറ്റിക് പീപിള്‍സ് റിപബ്ലിക് ഓഫ് കൊറിയ) എന്ന ഉത്തര കൊറിയയുടെ ഔദ്യോഗിക നാമം കണ്ട് ദക്ഷിണ കൊറിയയാണെന്ന്്് തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it