World

കിം ജോങ് ഉന്‍ ചൈനയില്‍ എത്തിയെന്ന് അഭ്യൂഹം

ബെയ്ജിങ്: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ചൈനയിലെത്തിയതായി അഭ്യൂഹം. പേരു വെളിപ്പെടുത്താത്ത മൂന്നുപേരെ ഉദ്ധരിച്ച് ചില രാജ്യാന്തര മാധ്യമങ്ങളാണ് കിം അതീവ രഹസ്യമായി ചൈനയിലെത്തിയതായി വാര്‍ത്ത പുറത്തുവിട്ടത്.
ഉത്തര കൊറിയയുടെ പ്രത്യേക ട്രെയിനില്‍ ചൈനീസ് തലസ്ഥാനമായ ബെയ്ജിങില്‍ എത്തിയതായും ഉത്തര കൊറിയന്‍ നയതന്ത്ര പ്രതിനിധികള്‍ മുന്‍കാലങ്ങളില്‍ തങ്ങിയിരുന്ന ഗസ്റ്റ് ഹൗസിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതായും ജപ്പാന്‍ മാധ്യമങ്ങളാണ് ആദ്യം റിപോര്‍ട്ട് ചെയ്തത്.
എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഉത്തര കൊറിയ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. അതേസമയം, മുതിര്‍ന്ന ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥന്‍ ചൈന സന്ദര്‍ശിക്കുന്ന വിവരം അറിഞ്ഞിട്ടില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്നും സ്ഥിരീകരണത്തിന് ശ്രമിക്കുകയാണെന്നും ദക്ഷിണ കൊറിയന്‍ അധികൃതര്‍ അറിയിച്ചു.
ഉത്തര കൊറിയന്‍ നയതന്ത്ര പ്രതിനിധികളുമായി പ്രത്യേക ട്രെയിന്‍ കനത്ത സുരക്ഷയില്‍ ബെയ്ജിങിലേക്ക് പുറപ്പെട്ട—തായി ജപ്പാനിലെ എന്‍ടിവി നെറ്റ്‌വര്‍ക്ക് റിപോര്‍ട്ട് ചെയ്തിരുന്നു. ട്രെയിന്‍ എത്തുന്ന ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായിട്ടാണു സന്ദര്‍ശനമെന്നാണ് സൂചന.
കിം ഏപ്രിലില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും മെയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്താനിരിക്കേയാണ് സന്ദര്‍ശനം. കിം താമസിക്കുന്നത് എവിടെയെന്നോ ആരെയൊക്കെ സന്ദര്‍ശിച്ചുവെന്നോ വ്യക്തമായിട്ടില്ല. ബെയ്ജിങ് നഗരത്തില്‍ അസാധാരണമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയതായും റെയില്‍വേ സ്‌റ്റേഷനു സമീപം ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും ഡാങ്‌ഡോങ്ങിലെ പ്രദേശവാസികള്‍ പറയുന്നു. ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ സാധാരണഗതിയില്‍ ഏതെങ്കിലും തരത്തിലുള്ള സുപ്രധാന കൂടിക്കാഴ്ചകളോ ചര്‍ച്ചകളോ നടക്കുമ്പോഴാണ് ഇത്തരത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നത്.
2011ല്‍ അധികാരമേറ്റ ശേഷം ആദ്യമായാണു കിം വിദേശ സന്ദര്‍ശനം നടത്തുന്നതെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു. കിം ജോങ് രണ്ടാമനും അദ്ദേഹത്തിന്റെ പിതാവ് കിം ജോങ് ലിയും മുമ്പ് ചൈന സന്ദര്‍ശിച്ചതും ട്രെയിനിലായിരുന്നു.
Next Story

RELATED STORIES

Share it