കിംച്ചിയും അറേബ്യന്‍ കാപ്പിയും യുനസ്‌കോ പട്ടികയില്‍

വിന്‍ദോക്: ഉത്തര കൊറിയന്‍ ഭക്ഷണ വിഭവമായ കിംച്ചിയും അറബികളുടെ കാപ്പിയും യുനസ്‌കോയുടെ പൈതൃക പട്ടികയില്‍. ആഫ്രിക്കന്‍ രാജ്യമായ നമീബിയയുടെ തലസ്ഥാനത്ത് ചേര്‍ന്ന യുഎന്‍ സാംസ്‌കാരിക വിഭാഗത്തിന്റെ പ്രതിനിധികളുടെ യോഗമാണ് കിംച്ചിയടക്കമുള്ള 20 പാരമ്പര്യങ്ങളെ പൈതൃക പട്ടികയിലുള്‍പ്പെടുത്തിയത്.
ദക്ഷിണ കൊറിയയിലെ സമാനമായ ഭക്ഷണം നേരത്തേ യുനസ്‌കോ പട്ടികയില്‍ ഇടം നേടിയിരുന്നു. ഓരോ സീസണിലും വ്യത്യസ്ത പച്ചക്കറികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന 190ഓളം കിംച്ചികളുണ്ട്. വേനല്‍കാലത്ത് ഭൂമിക്കടിയില്‍ ഭരണിയിലാക്കി സംഭരിക്കുന്ന കിംച്ചി ശൈത്യകാലത്ത് പുറത്തെടുത്ത് കഴിക്കുകയാണ് പതിവ്. കാബേജ്, വെള്ളരി, കിഴങ്ങുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇതുണ്ടാക്കാം. എല്ലാത്തിലും ചുവന്ന മുളക് പ്രധാന ചേരുവയാണ്. കൊറിയയുടെ ദേശീയ ഭക്ഷണമായ കിംച്ചി തങ്ങളുടെ സൈനികര്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിയറ്റ്‌നാം യുദ്ധകാലത്ത് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ചുങ് ഹീ അമേരിക്കന്‍ പ്രസിഡന്റ് ലിന്‍ണ്ടന്‍ ബി ജോണ്‍സണോട് ആവശ്യപ്പെട്ടത് പ്രശസ്തമാണ്.
യുഎഇ, സൗദി, ഒമാന്‍, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ഏറെ പ്രശ്‌സ്തമായ അറബിക് കാപ്പി അറബികളുടെ മഹാമനസ്‌കതയെക്കൂടി എടുത്തുകാട്ടുന്നതാണ്. ഓസ്ട്രിയയിലെ കുതിരയോട്ട മല്‍സരം, പെറുവിലെയും റുമാനിയയിലെയും നാടന്‍ നൃത്തങ്ങള്‍, നമീബിയയിലെ പഴം ഉല്‍സവം, ഗ്രീക്ക് ദ്വീപായ ടിനോസിലെ മാര്‍ബിള്‍ ശില്‍പങ്ങള്‍ തുടങ്ങിയവയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it