കാസ്‌ട്രോയ്ക്കുള്ളത് കാസ്‌ട്രോയ്ക്ക്...

കാസ്‌ട്രോയ്ക്കുള്ളത് കാസ്‌ട്രോയ്ക്ക്...
X
slug-a-bപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതല്ല, ഉണ്ടാക്കുന്നതാണ്. പലപ്പോഴും പ്രശ്‌നങ്ങളെ സ്വാഭാവികം എന്ന ബ്രാക്കറ്റിലൊതുക്കാറുണ്ട്. ഈ പറച്ചില്‍ തന്നെ മര്‍മം വിഗണിച്ചുള്ള ഒഴുക്കന്‍ പ്രയോഗമല്ലേ? സ്വ-ഭാവത്തില്‍ നിന്ന് ഉളവാകുന്നതാണു 'സ്വാഭാവികം.' അപ്പോള്‍ പ്രശ്‌നകാരി ഈ ഭാവമാണ്. മാന്യമായ ഭൂരിപക്ഷം നല്‍കി ജനത അധികാരത്തിലേറ്റിയ ഇടതുമുന്നണിയുടെ സ്വ-ഭാവത്തില്‍നിന്ന് ഉളവായിരിക്കുന്ന പുതിയ പ്രശ്‌നം നോക്കൂ- കാര്‍ന്നോരുടെ പദവി എന്ന എടങ്ങേറ്.
ജയിച്ചുവന്ന ജനപ്രതിനിധികളില്‍ ഏറ്റവും മുതിര്‍ന്നയാളാണ് അച്യുതാനന്ദന്‍. സ്വന്തം പാര്‍ട്ടിയിലും ഏറ്റവും സീനിയര്‍. ഇമ്മാതിരി മൂപ്പ് നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാറ്. പല രാഷ്ട്രീയകക്ഷികളും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുമ്പേര്‍ പ്രഖ്യാപിച്ച് വോട്ട് തേടാറുണ്ടെന്നതു നേര്. ഇടതുപക്ഷം പൊതുവേ ഈ ദുഷ്പ്രവണതയ്ക്കു വശംവദരാവാറില്ല. എങ്കിലും നാട്ടുനടപ്പിലേക്ക് അവരും വഴുതിപ്പോവുമ്പോള്‍ അതിനെ 'സ്വാഭാവികം' എന്നു വിശേഷിപ്പിക്കാനാവുമോ?
ഇക്കുറി പിണറായി വിജയനായിരുന്നു ഇടതുപക്ഷത്തിന്റെ 'മുഖ്യമന്ത്രി സ്ഥാനാര്‍ഥി' എന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. പിന്നെയെന്തിന് അച്യുതാനന്ദനെ മല്‍സരിപ്പിച്ച് മാധ്യമദ്വാരാ ഒരു സന്ദിഗ്ധത പരത്തി എന്നു ചോദിക്കാം. രണ്ടായിരുന്നു പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍. ഒന്ന്, ഏറെക്കാലമായി വിഭാഗീയതയുടെ പിടിയിലായിരുന്ന പാര്‍ട്ടി ഇത്തവണ ഒറ്റക്കെട്ടാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കുക. 2006ല്‍ ജയിച്ചു, 2011ല്‍ തോറ്റതു വെറും രണ്ട് സീറ്റിന്. എന്നുവച്ചാല്‍, കഴിഞ്ഞ 10 കൊല്ലമായി പൊതുജനം ഇടതുചായ്‌വിലാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയതയാണ് കല്ലുകടി. ഇത്തവണ വിഭാഗീയത പാടേ ഇല്ലാതായി എന്നൊന്നും ജനം കരുതുന്നില്ല. എങ്കിലും സംഗതി വലിയൊരളവില്‍ അലിഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടായി.
രണ്ട്, അച്യുതാനന്ദന്റെ ജനപ്രീതി. 20 കൊല്ലം മുമ്പത്തെ പ്രതിച്ഛായയല്ല ഇന്നുള്ളത്. ഭരണാധികാരി എന്ന നിലയില്‍ അത്ര കേമനൊന്നുമല്ലെങ്കിലും പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പാര്‍ട്ടിക്കതീതമായി പ്രവര്‍ത്തിക്കുന്നയാള്‍ എന്ന ധ്വനിപരത്താന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റു സഖാക്കള്‍ക്ക് ആര്‍ക്കും ഇന്നില്ലാത്ത ഒരു സ്ഥാനം അച്യുതാനന്ദന്‍ വാര്‍ധക്യത്തില്‍ ആര്‍ജിച്ചിരിക്കുന്നു- സമൂഹത്തിന്റെ പൊതുസ്വത്ത്. ഈ പ്രതിച്ഛായ മുതലാക്കുക എന്നതുകൂടിയായിരുന്നു ടിയാനെ തിരഞ്ഞെടുപ്പിനിറക്കിയതിന്റെ ഉന്നം.
പാലം കടന്നതും പാര്‍ട്ടി കൂരായണയൊന്നും വിളിച്ചില്ല. മുമ്പേര്‍ നിശ്ചയിച്ച പാട്ടുതന്നെയാണ് അവര്‍ പാടിയത്. പ്രശ്‌നമുണ്ടായത് രണ്ടു കൂട്ടര്‍ക്കാണ്- അച്യുതാനന്ദനും പാര്‍ട്ടിക്കു പുറത്തുള്ള ടിയാന്റെ ആരാധകവൃന്ദത്തിനും. അച്യുതാനന്ദന്റെ പ്രശ്‌നം ലളിതമാണ്. സംസ്ഥാനഘടകം വിജയനെത്തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ടിയാനറിയാം. എന്നാലും കേന്ദ്രനേതൃത്വം, വിശേഷിച്ചും ജനറല്‍ സെക്രട്ടറി, തന്റെ കാര്യത്തില്‍ വിശേഷാല്‍ താല്‍പര്യമെടുത്ത സ്ഥിതിക്ക് ഒരു നീക്കുപോക്ക് പ്രതീക്ഷിച്ചു. അങ്ങനെ പ്രതീക്ഷിക്കാന്‍ പാകത്തിലുള്ള അധ്വാനമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുതൊട്ട് അച്യുതാനന്ദന്‍ എടുത്തിരുന്നതും. സംസ്ഥാനം നേരിടുന്ന വലതുപക്ഷ ഭീഷണിയെ ശക്തിയുക്തം നേരിട്ടു, അതിന്റെ ദല്ലാളായ വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു. പാര്‍ട്ടി ഇതൊന്നും ചെയ്തില്ലെന്നല്ല. എന്നാല്‍, ഫാഷിസം, ശ്രീനാരായണ ധര്‍മം, മതേതരത്വം ഇത്യാദി താത്വിക ഡയലോഗ് ഒരു പരിധിക്കപ്പുറം സാധാരണ വോട്ടറില്‍ ഏശില്ല. നാടന്‍ കഥാകാലക്ഷേപമാണ് നാട്ടുമനുഷ്യരുടെ ഹൃദയം തൊടുക. അതിനുള്ള വാചിക, ആംഗിക, ആഹാര്യങ്ങളില്‍ അച്യുതാനന്ദനോളം പോന്നവര്‍ തല്‍ക്കാലമില്ല. ഇതിന്റെയെല്ലാംകൂടി ഫലമായ തിരഞ്ഞെടുപ്പു ജയം തന്നോടുള്ള പാര്‍ട്ടിസമീപനത്തില്‍ മാറ്റമുണ്ടാക്കാമെന്ന് അച്യുതാനന്ദന്‍ കരുതിയിട്ടുണ്ടാവണം.
പക്ഷേ, കാര്‍ന്നോരുടെ കണക്കുകൂട്ടലുകള്‍ക്ക് എതിരായിരുന്നു അനന്തരഫലം. കാരണങ്ങള്‍ പലതാണ്. ഒന്നാമത്, ഇത്തവണത്തെ ജനവിധി മുമ്പത്തെ രണ്ടു തിരഞ്ഞെടുപ്പുകളിലെപ്പോലെ 'വിഎസി'ന്റെ പേരിലായിരുന്നില്ല. ഇടതുപക്ഷ ഭരണത്തിനു വേണ്ടിയുള്ളതായിരുന്നു. അഥവാ അച്യുതാനന്ദന്റെ ജനപ്രീതി നിലനില്‍ക്കെത്തന്നെ അദ്ദേഹമായിരുന്നില്ല ഹീറോ. വലതുപക്ഷ രംഗപ്രവേശത്തിനെതിരായ ജനവികാരമായിരുന്നു നായകസ്ഥാനത്ത്. രണ്ടാമതായി, ഇന്ന് 93 വയസ്സുള്ള അച്യുതാനന്ദന്‍ ഭരണാന്ത്യത്തില്‍ 98കാരനാവും. അത്രയ്‌ക്കൊരു റിസ്‌ക്കെടുക്കാനുള്ള എരണക്കേടിലൊന്നുമല്ല സംസ്ഥാനം. പ്രായാധിക്യം മാത്രമല്ല, ഭരണാധികാരി എന്ന നിലയ്ക്ക് അച്യുതാനന്ദന്‍ ഒരു എ-പ്ലസുകാരനൊന്നുമല്ല. കാലവും ദേശവും ആവശ്യപ്പെടുന്ന ചടുലത അച്യുതാനന്ദന്റെ ചടുലതയോട് വേണ്ടത്ര പൊരുത്തപ്പെടുന്ന ഒന്നല്ല. ഈ വസ്തുനിഷ്ഠ ചുറ്റുവട്ടത്ത് ഇത്രത്തോളം ജനപ്രിയനും പരിണതപ്രജ്ഞനുമായ ഒരു രാഷ്ട്രീയ നേതാവിന് ചേരുക ഭരണയന്ത്രത്തിന്റെ അധ്വാനങ്ങളില്‍നിന്നൊഴിഞ്ഞ് വിവേകവും വകതിരിവും ഉപകരിക്കുന്ന ഗുരുഭൂതന്റെ റോളാണ്. അത്തരമൊരു റോള്‍ അച്യുതാനന്ദനു പരിചയമില്ല. പ്രായോഗിക രാഷ്ട്രീയത്തിലെ അങ്കംവെട്ടാണ് അദ്ദേഹത്തിന്റെ ശീലവും ഊര്‍ജവും.
ഇവിടെയാണ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ഡിസംബറില്‍ കൊണ്ട് കലമുടയ്ക്കുന്നത്. താന്‍ സ്ഥാനമാനങ്ങള്‍ പിന്‍പറ്റുന്നയാളല്ല എന്നു വിളിച്ചുപറയുകയും ജനറല്‍ സെക്രട്ടറിയുടെ കീശയിലേക്കു തനിക്കു വേണ്ടുന്ന പദവിപ്പട്ടിക തിരുകിവയ്ക്കുകയും ചെയ്യുന്ന സഖാവ് വിരോധാഭാസകരമായ പ്രതിഭാസമാണ്. അതിലൊട്ടും അസ്വാഭാവികതയില്ലെന്നതാണു വസ്തുത. കാരണം, ഈ വൈരുധ്യാത്മകത മനുഷ്യസഹജമാണ്. ഇതിനെ കേവലമായ അധികാരമോഹമായി ലളിതവല്‍ക്കരിക്കുന്നതു ശരിയല്ല. മോഹമുണ്ട് എന്നതു ശരിതന്നെ. അച്യുതാനന്ദന്റെ പക്ഷത്തുനിന്നു നോക്കിയാല്‍ ടി മോഹം താന്‍ കൂടി ചേര്‍ന്ന് നട്ടുവളര്‍ത്തിയ പ്രസ്ഥാനത്തിന്റെ കാതല്‍വ്യതിയാനങ്ങള്‍ക്കു തടയിടാനുള്ള നിശ്ചയത്തിന്റെ ഫലമാണെന്നു കാണേണ്ടിവരും. പ്രസ്ഥാനം ഭരണത്തിലിരിക്കെ അത്തരമൊരു നിയന്ത്രണത്തിനു ചില അധികാരങ്ങള്‍ വേണ്ടിവരും. മുഖ്യമന്ത്രിപദം തരാത്ത പാര്‍ട്ടിയോട് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത് ഈ കടിഞ്ഞാണ്‍സ്ഥാനമാണ്.
പ്രശ്‌നവും അവിടെത്തന്നെയാണ്. വിജയനും കൂട്ടുകാരും വലതുപക്ഷ വ്യതിയാനം നടത്തിക്കളയുമോ എന്നാണ് അച്യുതാനന്ദന്റെ തുടരന്‍ ആശങ്ക. ജനങ്ങളുടെ കാവലാളായി താനുണ്ടാവുമെന്ന ടിയാന്റെ പ്രഖ്യാപനം തന്നെ അത്തരമൊരു ചേതോവികാരത്തിന്റെ ലാക്ഷണിക സൂചനയാണ്. പാര്‍ലമെന്ററിവ്യവസ്ഥയും രാജ്യത്തെ നിയമവും അനുശാസിക്കുന്നതു സംസ്ഥാന ജനതയുടെ കാവലാള്‍ മുഖ്യമന്ത്രിയാണെന്നാണ്. അതിനു മീതെയോ സമാന്തരമോ ആയി മറ്റൊരു കാവലാള്‍ എന്നത് ഭരണഘടനാപരമായി തെറ്റും ജനാധിപത്യ യുക്തിപ്രകാരം അസംബന്ധവുമാണ്. മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ ജനവിരുദ്ധ വ്യതിയാനങ്ങള്‍ ചെറുക്കാന്‍ ഇവിടെ പാര്‍ലമെന്ററി സംവിധാനങ്ങളുണ്ട്. ആത്യന്തികമായി പൗരാവലിയുമുണ്ട്. ഇതിനിടെ, ഒരു എക്‌സ്ട്രാ-കോണ്‍സ്റ്റിറ്റിയൂഷനല്‍ അധികാരിയെ തിരുകുന്നത് ഭരണഘടനാവിരുദ്ധം മാത്രമല്ല, തിരഞ്ഞെടുപ്പുവിധിയേകിയ ജനതയെ കൊച്ചാക്കുന്ന തുരപ്പന്‍പണിയുമാണ്. ജനം ഒരുകൂട്ടര്‍ക്ക് അധികാരം നല്‍കി, ടി ജേതാക്കള്‍ അവരുടെ തലവനെ നിശ്ചയിച്ചു. ഇനി ഭരണത്തിന്റെ ഗുണദോഷങ്ങള്‍, വിധി കൊടുത്തവര്‍ അനുഭവിക്കും. അനുഭവദോഷമുണ്ടാവുന്നപക്ഷം അവര്‍ തന്നെ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളും. ഇതിനിടെ സ്വയംപ്രഖ്യാപിത രാജര്‍ഷികള്‍ അനാവശ്യവും അസംബന്ധവുമാണ്; ജനവിരുദ്ധവും. കാരണം, യഥാര്‍ഥ രാജര്‍ഷി ഇന്നാട്ടിലെ ഓരോ പൗരനുമാണ്. എന്നിരിക്കെ, ഏഴു പതിറ്റാണ്ടിന്റെ അനുഭവജ്ഞാനത്തെ വന്ദ്യവയോധികനായ ഒരു കമ്മ്യൂണിസ്റ്റ് തന്റെ ഫൈറ്റര്‍ സ്പിരിറ്റിന്റെ പേരില്‍ ജലരേഖയാക്കാമോ?
അതേ സ്പിരിറ്റില്‍ ഒട്ടും മോശമല്ലാത്ത പാര്‍ട്ടി ചെയ്യുന്നതോ? കാര്‍ന്നോരുടെ ജനപ്രീതി ഭയന്ന് ടിയാനൊരു കസേര കൊടുത്ത് സമരസപ്പെടുത്തുക എന്ന ബുദ്ധി ഏതു തലയിലുദിച്ചതാണോ ആവോ! ഭരണക്കളത്തിനു പുറത്തു നില്‍ക്കുന്ന അച്യുതാനന്ദന്‍ കൂടുതല്‍ അപകടകാരിയാണെന്ന കണക്കുകൂട്ടലാണ് ഈ തന്ത്രത്തിനു പിന്നില്‍. കാബിനറ്റ് റാങ്കോടെയല്ല പദവിയെങ്കില്‍ സംഗതി ആലങ്കാരികം മാത്രമാവും. കാബിനറ്റ് റാങ്കോടെയാണെങ്കില്‍ അത് മുഖ്യമന്ത്രിക്കു കീഴിലേ വരൂ. കാരണം, ഭരണഘടനപ്രകാരം സംസ്ഥാനത്തെ പരമോന്നത എക്‌സിക്യൂട്ടീവ് മുഖ്യമന്ത്രിയാണ്. രണ്ടായാലും ഭരണസംഘത്തിന്റെ കടിഞ്ഞാണൊന്നും കാര്‍ന്നോര്‍ക്ക് പോവുന്ന പ്രശ്‌നമില്ല. അതേസമയം, ടിയാനെ പദവി മുഖേന മുനയൊടിച്ചു നിര്‍ത്തുകയുമാവാം. അങ്ങനെയാണ് പാര്‍ട്ടിയുടെ ചിന്താഗതി.
എങ്ങനെയായാലും, പൗരനാണ് ജനാധിപത്യത്തിന്റെ യഥാര്‍ഥ കാവലാള്‍ എന്ന ജനായത്തവ്യവസ്ഥയെ കൊഞ്ഞനംകുത്തുന്ന കലാപരിപാടിയാണ് പാര്‍ട്ടിയും അതിന്റെ കാര്‍ന്നോരും ചേര്‍ന്ന് ആവിഷ്‌കരിക്കുന്നത്. നാടന്‍ കാസ്‌ട്രോയ്ക്ക് ഏതു സിംഹാസനം കൊടുക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം പാര്‍ട്ടിക്കുണ്ട്. എവിടെ കയറി ഇരിക്കണം, ഇരിക്കേണ്ട എന്നു നിശ്ചയിക്കാനുള്ള അവകാശം കാസ്‌ട്രോയ്ക്കും.
ജനാധിപത്യവ്യവസ്ഥിതിയുടെ നെഞ്ചിന്‍പുറത്തല്ല അത്തരം കസേര വയ്‌ക്കേണ്ടത്. കാരണം, ഈ പ്രശ്‌നമുണ്ടാക്കിയത് ജനതയല്ല, പാര്‍ട്ടിയും അതിന്റെ കാസ്‌ട്രോയുമാണ്.
Next Story

RELATED STORIES

Share it