കാസ്ഗഞ്ച്: ചന്ദന്‍ഗുപ്ത കൊല്ലപ്പെട്ട കേസ്; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി പോലിസ്‌

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ചന്ദന്‍ഗുപ്ത കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി പോലിസ്. സലിം എന്ന ആളാണ് അറസ്റ്റിലായതെന്ന് അലിഗഡ് റേഞ്ച് ഐജി സഞ്ജീവ് ഗുപ്ത അറിയിച്ചു. കാസ്ഗഞ്ച് ജില്ലയുടെ ചില ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നോട്ടീസ് അവരുടെ വീടുകളില്‍ പതിച്ചിട്ടുണ്ടെന്നു കാസ്ഗഞ്ച് ജില്ലാ പോലിസ് സൂപ്രണ്ട് പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. അതിനിടെ കാസ്ഗഞ്ചിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ പോലിസ് തടഞ്ഞു. കാസ്ഗഞ്ച് ജില്ലയുടെ അതിര്‍ത്തിയിലാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ അധികൃതര്‍ തടഞ്ഞത്. പ്രശ്‌നബാധിത പ്രദേശങ്ങളിലെ ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാണ് സംഘത്തെ തടഞ്ഞത്. കോണ്‍ഗ്രസ് പ്രതിനിധിസംഘത്തിന് കാസ്ഗഞ്ചില്‍ പ്രവേശിക്കുന്നതിന് ജില്ലാ മജിസ്‌ട്രേറ്റ് ആര്‍പി സിങ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. റിപബ്ലിക് ദിനത്തില്‍ മോട്ടോര്‍ സൈക്കിള്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റാണ് ചന്ദര്‍ ഗുപ്ത മരിച്ചത്. അന്ന് മൂന്ന് കടകളും മൂന്ന് വാഹനങ്ങളും അക്രമികള്‍ കത്തിച്ചിരുന്നു. കാസ്ഗഞ്ച് കലാപവുമായി ബന്ധപ്പെട്ട് 118 പേരെ അറസ്റ്റു ചെയ്തതായും പ്രദേശം സാധാരണനിലയിലേക്ക് പതുക്കെ തിരിച്ചുവരുകയാണെന്നും പോലിസ് പറഞ്ഞു. പ്രശ്‌ന ബാധിത മേഖലകളില്‍ സുരക്ഷാസേന പട്രോളിങ് വര്‍ധിപ്പിച്ചിട്ടുണ്ട്. കാസ്ഗഞ്ചില്‍ ചൊവ്വാഴ്ച അങ്ങിങ്ങ് അക്രമസംഭവങ്ങളുണ്ടായെങ്കിലും ഇന്നലെ താരതമ്യേന ശാന്തമായിരുന്നു. എല്ലാ പൗരന്‍മാര്‍ക്കും സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. കുറ്റവാളികള്‍ക്കെതിരേ കര്‍ക്കശ നടപടിയെടുക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. അതെസമയം, കലാപം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനയച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നേരത്തെ റിപോര്‍ട്ട് തേടിയിരുന്നു.
Next Story

RELATED STORIES

Share it